ദേശീയ കായിക താരം കണ്ണന്‍ ടി പാലക്കുന്ന് അന്തരിച്ചു

കാസര്‍കോട്: ജില്ലയിലെ അറിയപ്പെടുന്ന ബോഡി ബില്‍ഡിംഗ് താരവും സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയ തിരുവക്കോളി കളത്തില്‍ ഹൗസില്‍ കണ്ണന്‍ ടി പാലക്കുന്ന് (66) അന്തരിച്ചു. 1990 കാലഘട്ടത്തില്‍ ഉദുമയിലെ കബഡി രംഗത്തും സജീവമായിരുന്നു കണ്ണന്‍. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട് കവാടത്തിന് സമീപത്തെ അംബിക ലോട്ടറി സ്റ്റാള്‍ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന്-കോട്ടിക്കുളം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്.
കണ്ണന്‍ ടി പാലക്കുന്നിന്റെ വിയോഗം നാടിനെ അക്ഷരാര്‍ഥത്തില്‍ കണ്ണീരിലാഴ്ത്തി. ‘അയേണ്‍ ഗെയിംസ്’ വിഭാഗത്തില്‍ പേരും പെരുമയും കണ്ണന് സ്വന്തം. ഏതാനും മാസമായി അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്ന പാലക്കുന്നിലെ ‘ജിമ്മ്കണ്ണന്റെ’ ആകസ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. മിതഭാഷിയും സൗമ്യസ്വഭാവക്കാരനുമാണ് കണ്ണന്‍. വീട് വിട്ടാല്‍ കട, കട വിട്ടാല്‍ വീട് എന്ന സ്വഭാവ രീതിയുമായി പാലക്കുന്ന് ടെംപിള്‍ റോഡില്‍ വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തിവരികയായിരുന്നു.
1998ല്‍ ചങ്ങനാശേരിയില്‍ നടന്ന ദേശീയ ഫെഡറേഷന്‍ കപ്പ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റര്‍ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി മത്സരിച്ച് ഒന്നാം സ്ഥാനം നേടി. കായിക രംഗത്ത് ‘അയേണ്‍ ഗെയിംസ്’ വിഭാഗത്തില്‍ ജില്ലയിലെ ശക്തിമാന്‍ താരം. മൂന്ന് തവണ ജില്ലാ സ്ട്രോങ്ങ്മാനായും രണ്ട് തവണ മിസ്റ്റര്‍ കാസര്‍കോട് ആയും തിരഞ്ഞെടുക്കുപ്പെട്ടിരുന്നു. 1986 മുതല്‍ 30 വര്‍ഷം ജില്ലയില്‍ ശരീര സൗന്ദര്യ മത്സരരംഗത്തുണ്ടായിരുന്ന കണ്ണന്‍ ജില്ലാതലത്തില്‍ 21 തവണ ഒന്നാം സ്ഥാനവും 5 തവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 2002 മുതല്‍ തുടര്‍ച്ചയായി 13 വര്‍ഷം മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന്റെ കുത്തക കണ്ണനായിരുന്നു. 1987 ല്‍ ജില്ലാതലത്തില്‍ ‘മോസ്റ്റ് മസ്‌ക്കുലര്‍മാന്‍’ മത്സരത്തില്‍ കണ്ണനായിരുന്നു ജേതാവ്. മൂന്ന് വര്‍ഷം മിസ്റ്റര്‍ കാസര്‍കോട് പട്ടവും മൂന്ന് തവണ സംസ്ഥാന സൗന്ദര്യ മത്സരത്തില്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സ്വന്തം പേരില്‍ കുറിക്കപ്പെട്ടു. ജില്ല പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച മൂന്ന് തവണയും ‘സ്ട്രോങ്ങ്മാന്‍ കാസര്‍കോട്’ പട്ടവും കണ്ണന്റെ പേരില്‍ ആയിരുന്നു. ഇത് ഒരു അപൂര്‍വ നേട്ടമാണെന്ന് ജില്ല സ്പോര്‍ട്ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പള്ളം നാരായണന്‍ പറഞ്ഞു. കണ്ണന്റെ നിര്യാണത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അനുശോചിച്ചു. പ്രസിഡന്റ് പി. ഹബീബ് റഹ്‌മാന്‍ ആധ്യക്ഷം വഹിച്ചു. പള്ളം നാരായണന്‍, മുജീബ് മാങ്ങാട്, പ്രിയേഷ് കാഞ്ഞങ്ങാട്, എം. ഉദയകുമാര്‍ സംസാരിച്ചു. പരേതരായ കളത്തില്‍ അപ്പുവിന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: പാര്‍വതി. മക്കള്‍: അശ്വതി, അശ്വിന്‍(എഞ്ചിനീയറിങ് വിദ്യാര്‍ഥി സി.ഇ.ടി. തിരുവനന്തപുരം). സഹോദരങ്ങള്‍: അപ്പകുഞ്ഞി വൈദ്യര്‍ കളത്തില്‍, അഡ്വ. ബാബു ചന്ദ്രന്‍ കളത്തില്‍, പരേതയായ ജാനകി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page