നഗരത്തില്‍ പാര്‍ക്കിംഗ് പ്ലാസ; നൈറ്റ് സിറ്റി റൂട്ട്; വമ്പന്‍ പദ്ധതികളുമായി കാസര്‍കോട് നഗരസഭയുടെ ബജറ്റ്

കാസര്‍കോട്: സര്‍വ്വ മേഖലകളെയും സ്പര്‍ശിച്ച് കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതുമായ 2024-25 വര്‍ഷത്തെ നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അവതരിപ്പിച്ചു. ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരത്തിലെ വാഹന പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കാന്‍ ”പാര്‍ക്കിംഗ് പ്ലാസ” നിര്‍മ്മിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആധുനിക രീതിയില്‍ റസ്റ്റ് റൂം കെട്ടിടം ഒരുക്കും. കഫേ സൗകര്യം, ടോയ്‌ലറ്റ്, വൈഫൈ, ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ തുടങ്ങിയവ അതില്‍ ഉണ്ടാവും. കൂടാതെ നഗരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബസ് സ്റ്റോപ്പുകള്‍ ഒരുക്കും. കുടിവെള്ള സംവിധാനവും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സംവിധാനവും ബസ് സ്റ്റോപ്പില്‍ ഒരുക്കും. നഗരത്തിന്റെ സൗന്ദര്യ വല്‍ക്കരണമാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. നഗരസഭയുടെ ലഭ്യമായ സ്ഥലങ്ങളില്‍ നഗര സൗന്ദര്യവല്‍ക്കരണം നടത്തും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, നഗരസഭ പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സൗകര്യപ്രദമായി പോകാനും തിരിച്ചുവരാനും സൗജന്യമായി സൈക്കിള്‍ സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും. ആധുനിക നഗരങ്ങളെ വെല്ലും വിധം ‘നൈറ്റ് സിറ്റി റൂട്ട്’, ‘ട്രഡീഷണല്‍ മാര്‍ക്കറ്റ്’ എന്നിവ സ്ഥാപിക്കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കും.
കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ കാലാ കാലങ്ങളായി നിക്ഷേപിച്ച ലെഗസി മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നാലു കോടി രൂപ അനുവദിച്ചു. ആധുനിക രീതിയില്‍ എല്ലാ സംവിധാനങ്ങളോടും കൂടിയ ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കും. നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍ ടര്‍ഫ്, സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10 കോടി രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. അതിമനോഹരമായ 4.5 കിലോമീറ്ററോളം വളവുകളില്ലാത്ത നെല്ലിക്കുന്ന് കടല്‍തീരം ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റും. ബീച്ച് ഫെസ്റ്റ് സഘടിപ്പിക്കും. ഫോര്‍ട്ട് റോഡ് കോട്ട സംരക്ഷിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കും.
സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page