മഞ്ചേശ്വരത്ത് വന്‍ ക്ഷേത്ര കവര്‍ച്ച; ശ്രീ കോവില്‍ കുത്തിത്തുറന്ന് തിരുവാഭരണങ്ങള്‍ കവര്‍ന്നു, ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ വന്‍ നഷ്ടം ഒഴിവായി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച കോളിയൂര്‍ ശങ്കരനാരായണ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശ്രീകോവില്‍ കുത്തിത്തുറന്ന് പത്തുപവന്‍ തൂക്കമുള്ള തിരുവാഭരണങ്ങള്‍ കവര്‍ന്നു. ഓഫീസ് മുറിക്കു സമീപത്തെ ലോക്കര്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ലോക്കര്‍ കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇല്ലെങ്കില്‍ വന്‍ നഷ്ടം ഉണ്ടാകുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ പൂജാരി രവിശങ്കര്‍ ഹൊള്ള എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ ക്ഷേത്രഭാരവാഹികളെയും പൊലീസിനെയും വിവരം അറിയിച്ചു. ചുറ്റുമതില്‍ ചാടി കടന്നാണ് മോഷ്ടാക്കള്‍ ക്ഷേത്ര മുറ്റത്ത് കടന്നത്. അതിനു ശേഷം ചുറ്റമ്പലം വഴിയാണ് ക്ഷേത്രത്തിനു അകത്തു കടന്നതെന്നു സംശയിക്കുന്നു. പൂട്ടു പൊളിച്ചാണ് ശ്രീകോവിലിനു അകത്ത് കടന്നത്. ശ്രീകോവിലിനകത്തു ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് കവര്‍ച്ച പോയത്.
ഓഫീസ് മുറിക്ക് സമീപത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ കുത്തിത്തുറക്കാന്‍ ശ്രമം ഉണ്ടായെങ്കിലും പരാജയപ്പെടുകയായിരുന്നു.
ക്ഷേത്രത്തിലെ സിസിടിവിയില്‍ കവര്‍ച്ചക്കാരന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ശരീരം മുഴുവന്‍ മറച്ചെത്തിയ ഒരാളുടെ ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഇരു കൈകളിലും ഗ്ലൗസുകളും ധരിച്ചിരുന്നു.
മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവര്‍ച്ചക്കാര്‍ വാഹനത്തിലാണ് എത്തിയതെന്നു സംശയിക്കുന്നു. പ്രസ്തുത വാഹനം കണ്ടെത്താന്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ് സംഘം. മഴ കനത്തതോടെ ക്ഷേത്രങ്ങളിലും ധനകാര്യ സ്ഥാപനങ്ങളിലും കവര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കവര്‍ച്ച നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page