ആമയിഴഞ്ചാല്‍ ചാലു പോലെ കാസര്‍കോട്ട് മൊഗ്രാല്‍പുഴ

കാസര്‍കോട്: ഹൈക്കോടതി വരെ ഇടപെട്ട തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാല്‍ ചാലു പോലെ കാസര്‍കോട്ടെ മൊഗ്രാല്‍ പുഴയും മാലിന്യപ്പുഴയായി മാറുന്നുവെന്ന് ആക്ഷേപമുയരുന്നു. നാട്ടുകാരും ഭരണക്കാരും ചേര്‍ന്നു മൊഗ്രാല്‍പുഴയെ അത്തരത്തില്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
ജലാശങ്ങളിലേക്കു മാലിന്യം വലിച്ചെറിയുന്നതു കൊലപാതകത്തിനു തുല്യമാണെന്നു ഹൈക്കോടതി ഇന്നലെ ആമയിഴഞ്ചാല്‍ പുഴ പ്രശ്‌നം പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.
അതേ സമയം മൊഗ്രാല്‍ പുഴയോരത്തെ കണ്ടല്‍ക്കാടുകളിലേക്കും പുഴയിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ ആളുകള്‍ മത്സരിക്കുന്നു. അറവുശാലകളില്‍ നിന്നും മറ്റും നേരത്തെ വന്‍തോതില്‍ ഇവിടെ ദേശീയ പാതയോരങ്ങളിലും പുഴയിലും മാലിന്യം തള്ളുന്നതു പതിവായിരുന്നു. കൊപ്പളം തീരദേശ ലിങ്ക് റോഡിലൂടെയാണ് ഇപ്പോള്‍ മാലിന്യം പുഴയിലേക്കു വലിച്ചെറിയുന്നതെന്നു ദേശീയ വേദി ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അധികൃതരും പുഴയില്‍ തള്ളുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മണലൂറ്റിനുപയോഗിക്കുന്ന ഫൈബര്‍ വള്ളങ്ങള്‍ പിടിച്ചെടുത്ത് ഇടിച്ചു പൊടിച്ചു പുഴയില്‍ത്തന്നെ നിക്ഷേപിക്കുകയാണ്. 2020ല്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ നിരോധിച്ചെങ്കിലും നിരോധിച്ചവരുടെ കണ്ണിനു മുന്നില്‍ അതിപ്പോഴും പൂര്‍വ്വാധികം ശക്തിയോടെ ഉപയോഗിക്കുന്നത് ഇതേ അധികൃതര്‍ നിരോധന ഉത്തരവും കൈയില്‍ പിടിച്ചു നോക്കിയിരിക്കുകയാണെന്നും സംസാരമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page