കാസർകോട്: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായ റാഗിംഗ് വിധേയരാക്കിയ സംഭവത്തില്‍ നാല് ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേയ്‌ക്കു സ്‌കൂളില്‍ നിന്നു പുറത്താക്കി. കാസർകോട്ബേ ഉപ്പള ബേക്കൂർ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ യോഗത്തിന്റേതാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഏതാനും ദിവസം മുമ്പാണ് പ്ലസ്‌വൺ വിദ്യാര്‍ത്ഥിയെ ഷൂസ് ധരിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പിടിഎ യോഗം ചേര്‍ന്ന് റാഗിംഗ് നടത്തിയ വിദ്യാർത്ഥികളെ പുറത്താക്കാന്‍ തീരുമാനിച്ചത്.ജില്ലയിലെ മറ്റിടങ്ങളിലെ സ്കൂളുകളിലും റാഗിംഗ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രക്ഷിതാക്കള്‍ക്ക് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.