കാസര്‍കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പു ലക്ഷ്യംവച്ച് മഹിളാ കോണ്‍ഗ്രസ് നടത്തുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് ജനുവരി നാലിന് ചെര്‍ക്കളയില്‍ തുടക്കമാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 3 മണിക്ക് ചെര്‍ക്കളയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ജനുവരി അഞ്ചിന് മഞ്ചേശ്വരത്തുനിന്ന് പ്രയാണം ആരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ജെബി മേത്തര്‍ പറഞ്ഞു. സ്ത്രീകളുടെ കണ്ണീരിനു പോലും വിലകല്‍പ്പിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സ്ത്രീകള്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്. വിലക്കയറ്റത്തിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. പെരിയയിലെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കണ്ണൂരിലെ ശുഹൈബിന്റെയും സിദ്ധാര്‍ത്ഥിന്റെയും ജീവനു പോലും വില കല്‍പ്പിക്കാത്ത സര്‍ക്കാരാണ് കേരളത്തിലേത്. ഇക്കാര്യങ്ങളൊക്കെ തുറന്നു പറയുകയാണ് യാത്ര ലക്ഷ്യമിടുന്നത് -ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ മിനിമോള്‍ ജോയ്, മിനി ചന്ദ്രന്‍, രജനീ രവീന്ദ്രന്‍, അത്തായി പത്മിനി, സിന്ധു വലിയപറമ്പ്, ധന്യാസുരേഷ്, ഗീതാകൃഷ്ണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.