ആലുവ: ആലുവ ഗ്യാരേജിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് തട്ടികൊണ്ട് പോയ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ ചാന്ദ്നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മാർക്കറ്റിനകത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്.ഇവിടെയുള്ള ചുമട്ട് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിനെ സ്ഥലത്തെത്തിച്ച് മൃതദേഹം ചാന്ദ്നിയുടേതെന്ന് സ്ഥിരീകരിച്ചു. ചാന്ദ്നിക്കായി പൊലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ഫോട്ടോ സഹിതം റെയിൽവേസ്റ്റഷുകളിലടക്കം വിവരം കൈമാറിയിരുന്നു. ആലുവയിൽ ചാന്ദ്നിയുടെ കുടുംബം താമസിച്ചിരുന്ന കോളനിക്ക് സമീപം താമസത്തിനെത്തിയ അസ്സം സ്വദേശി അഫ്സാക്ക് ആയിരുന്നു കുട്ടിയെ തട്ടികൊണ്ട് പോയത്. പിന്നീട് ഇയാൾ കുട്ടിയെ സുഹൃത്തായ മറ്റൊരാൾക്ക് കൈമാറിയെന്നാണ് പൊലീസിന് നൽകിയ മൊഴി. ആലുവ മേൽപ്പാലത്തിന് സമീപം വച്ചാണ് സക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയതെന്നും അഷ്ഫാക്ക് മൊഴിനൽകിയിരുന്നു.കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയിരുന്നതായും ഇയാൾ മൊഴി നൽകി. കസ്റ്റഡിയിലായിരുന്ന ഇയാളിൽ നിന്നും മറ്റ് വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. അഫ്സാക്ക് കുട്ടിയെ തട്ടികൊണ്ട് പോകുന്നതിന്‍റെ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. കുട്ടി എങ്ങിനെ കൊല്ലപ്പെട്ടു ആരാണ് മൃതദേഹം ചന്തയിൽ കൊണ്ട് പോയി ഉപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങൾ അറിയാൻ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്യും.അതേ സമയം കുട്ടിയെ തട്ടികൊണ്ട് പോയി 20 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയുടെ വിവരങ്ങൾ ലഭിച്ചിട്ടും കുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന് വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്.