പുതുവർഷം ആഘോഷിക്കാൻ വയനാടോ കോഴിക്കോടോ പോവുന്നുണ്ടോ? താമരശ്ശേരി ചുരത്തിലും  കോഴിക്കോടും കർശന നിയന്ത്രണം ഏർപ്പെടുത്തി; എന്തെല്ലാം എന്ന് അറിയാം

കൽപ്പറ്റ:പുതുവര്‍ഷാഘോഷങ്ങള്‍ മുൻനിര്‍ത്തി താമരശ്ശേരി ചുരത്തില്‍ ഇന്ന് രാത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്.ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിക്കില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങിയുള്ള ഒരു ആഘോഷവും അനുവദിക്കില്ല.

ചുരത്തിലെ കടകള്‍ രാത്രി ഏഴ് മണിയ്ക്ക് ശേഷം തുറക്കാൻ പാടില്ലെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. നിയന്ത്രണ സമയത്ത് വാഹനങ്ങള്‍ ചുരത്തില്‍ പാര്‍ക്ക് ചെയ്താല്‍ ഫൈൻ ഈടാക്കുമെന്ന് താമരശ്ശേരി സിഐ അറിയിച്ചു. താമരശ്ശേരി ചുരത്തില്‍ ദിവസവും വാഹനങ്ങളുടെ ആധിക്യം കാരണം ഗതാഗതകുരുക്ക് പതിവാകുകയാണ്. ക്രിസ്മസ് പുതുവത്സരത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതും ചുരത്തില്‍ വാഹന പെരുപ്പത്തിന് കാരണമാകുന്നുണ്ട്.

കോഴിക്കോട് നിയന്ത്രണങ്ങള്‍

പുതുവത്സരാഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് അസി. കമീഷണര്‍ എ.ജെ. ജോണ്‍സണ്‍ അറിയിച്ചു. സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങള്‍ക്കും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവര്‍ മാത്രമായി യാത്ര ചെയ്യുന്ന, കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും.
ഇത്തരം വാഹനങ്ങള്‍ നഗരപരിധിക്ക് പുറത്ത് പാര്‍ക്കിംഗ് ചെയ്യേണ്ടതാണ്. പുതുവത്സരാഘോഷം സുഗമമാക്കുന്നതിനുവേണ്ടി വൈകീട്ട് 3 മണിക്ക് ശേഷം ബീച്ച്‌ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. സൗത്ത് ബീച്ച്‌ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. അനധികൃത പാര്‍ക്കിംഗ് യഥാസമയങ്ങളില്‍ ക്രെയിൻ ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നവര്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ 10 സബ് ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page