മൂന്നാം വരവില്‍ മന്ത്രിയുടെ ഡ്രൈവിങ് സീറ്റില്‍ ഗണേഷ് കുമാര്‍; പ്രതീക്ഷയുടെ ട്രാക്കില്‍ കെ.എസ്.ആര്‍.ടി.സി

കെ.ബി ഗണേഷ് കുമാറിന്റെ ഗതാഗത മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് കെ.എസ് ആര്‍ ടി സിയെ രക്ഷിക്കുമെന്ന പ്രതീക്ഷയുമായി ഇടതുമുന്നണി സര്‍ക്കാര്‍. ഗണേഷ് കുമാറിന്റെ അനുഭവ സമ്പത്തും പൊതു സ്വീകാര്യതയും പ്രതിസന്ധിയില്‍ കുപ്പുകുത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് പുതിയ ട്രാക്കിലേക്ക് കയറാന്‍ തുണയാകുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. ഇതു മൂന്നാംവട്ടമാണ് കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയാകുന്നത്. എന്നാല്‍ അഞ്ചു വര്‍ഷം മുഴുവനായി അദ്ദേഹത്തിന് തന്റെ സീറ്റില്‍ ഇരിക്കാനായിട്ടില്ല. ഇക്കുറിയും അതു ആവര്‍ത്തിക്കും. വെറും രണ്ടര വര്‍ഷത്തേക്കാണ് ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനം. കീഴൂട്ട് തറവാട്ടിലെ ആര്‍.ബാലകൃഷ്ണപ്പിള്ളയെന്ന പ്രതാപിയായ നേതാവിന്റെയും മുന്‍ മന്ത്രിയുടെയും മകനായ കെ.ബി ഗണേഷ് കുമാറിനെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ആരും പഠിപ്പിച്ചു കൊടുക്കേണ്ടി വന്നിട്ടില്ല. ആദ്യം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കുകയും 2001 മുതല്‍ രാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റുകയും ചെയ്തയാളാണ് ഗണേഷ് കുമാര്‍. 2001 – മുതല്‍ പത്തനാപുരത്ത് തുടര്‍ച്ചയായി നിയമസഭാ അംഗമാണ്. 2001-ലെ ആദ്യ ജയത്തില്‍ തന്നെ എ.കെ.ആന്റണി സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മന്ത്രി. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി അന്ന് കൈയ്യടി വാങ്ങി. ഡ്രൈവര്‍ ലൈസന്‍സ് പരീക്ഷ കംപ്യൂട്ടര്‍വല്‍ക്കരിച്ചതും കെ.എസ്.ആര്‍.ടി.സിയെ നവീകരിച്ചതും ഈ കാലത്താണ്.
രണ്ടു വര്‍ഷത്തിനു ശേഷം പിതാവ് ആര്‍.ബാലകൃഷണ പിള്ളയ്ക്കായി മന്ത്രി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ മന്ത്രി. രണ്ടു വര്‍ഷമായപ്പോള്‍ കുടുംബ പ്രശ്‌നം ചീഞ്ഞുനാറിയപ്പോള്‍ മന്ത്രിസ്ഥാനവും തെറിച്ചു. ഭരണമികവുണ്ടെങ്കിലും സ്വഭാവ ദൂഷ്യങ്ങളും ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാത്തതും ഗണേഷ് കുമാറിന് തിരിച്ചടിയായി മാറി. ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം പങ്കുവയ്ക്കുമ്പോഴും ആദ്യടേമില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തത് സഹോദരിയുമായുള്ള കുടുംബവഴക്കും സ്വത്തു കേസും കാരണമായി. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരാതിക്കാരിയെ ഉപയോഗിച്ചു പുറകില്‍ നിന്നും കുത്തിയത് ഗണേഷ് കുമാറാണെന്ന ആരോപണത്തില്‍ സത്യമുണ്ടെന്നു തെളിഞ്ഞു കൊണ്ടിരിക്കെ ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ഇതിനെയെല്ലാം മറികടന്നുകൊണ്ടു മന്ത്രി സ്ഥാനത്തെത്തുമ്പോള്‍ നേരിടേണ്ടി വരുന്നത് കെ.എസ്.ആര്‍.ടി.സിയെന്ന ഈജിയന്‍ തൊഴുത്തിലെ പ്രതിസന്ധികളാണ്. ആന്റണി രാജുവായി സഹകരിച്ച എം.ഡി ബിജു പ്രഭാകറും ജീവനക്കാരും ഗണേഷ് കുമാറുമായി എങ്ങനെ മുന്‍പോട്ടു പോകുമെന്ന ചോദ്യവും ഉയരുന്നുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page