വിവാദങ്ങളിലൂടെ സഞ്ചരിച്ച 40 ദിവസങ്ങള്‍; രണ്ടാം പിണറായി സര്‍ക്കാരിന്റെ നവകേരള യാത്ര സമാപിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ?

ഭരണതലത്തില്‍ മറ്റാരും പരീക്ഷിക്കാത്ത ജനകീയ മുന്നേറ്റമെന്ന് സര്‍ക്കാരും എല്‍.ഡി എഫും വിലയിരുത്തുന്ന നവകേരള സദസ് രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചത് ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങളും വിവാദങ്ങളും. 136 മണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചു ജനങ്ങളില്‍ നിന്നും പരാതി സ്വീകരിച്ചും പുതിയ നയപരിപാടികള്‍ വിശദീകരിച്ചും കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ചാണ് നവകേരള യാത്ര ഓരോ മണ്ഡലത്തിലും പര്യടനം നടത്തിയത്. മൂന്ന് ലക്ഷത്തോളം പരാതികള്‍ ലഭിച്ചുവെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. ഇതില്‍ നവംബര്‍ 18 ന് യാത്ര തുടങ്ങിയ കാസര്‍കോട് മുതലുള്ള പരാതികളില്‍ സര്‍ക്കാര്‍ സംവിധാനം തീര്‍പ്പുകല്‍പ്പിച്ചു വരികയാണ്. 136 മണ്ഡലങ്ങളില്‍ സഞ്ചരിച്ച നവകേരളയാത്ര തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളില്‍ കൂടി പര്യടനം പൂര്‍ത്തിയാക്കിയതോടെയാണ് സമാപനം കുറിച്ചത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച എര്‍ണാകുളത്തെ നാലു മണ്ഡലങ്ങളിലെ സ്വീകരണം ജനുവരി ഒന്ന്, രണ്ട് തീയ്യതികളില്‍ നടക്കും.

രാഷ്ട്രീയ വിജയമോ പരാജയമോ?

നവകേരള സദസ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ജനകീയ ബദല്‍ ഉയര്‍ത്തിയ വികസന ക്ഷേമ പരിപാടികള്‍ വിശദീകരിക്കുന്നതിനോടൊപ്പം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ കേന്ദ്ര സമീപനം തുറന്നു കാട്ടാനുമായെന്നാണ് സര്‍ക്കാരിന് ചുക്കാന്‍ പിടിക്കുന്നവര്‍ അവകാശപ്പെടുന്നത്. ഭാവി കേരളത്തിലേക്ക് ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയലും യാത്രയുടെ ലക്ഷ്യങ്ങളിലൊന്നാണെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍. മുഴുവന്‍ മന്ത്രിമാരും ഒന്നിച്ചു ജനങ്ങള്‍ക്കിടെയിലേക്ക് ഇറങ്ങുന്നത് കേരള ചരിത്രത്താന്‍ തന്നെ ആദ്യമായാണ്. രാഷ്ട്രീയ എതിരാളികളെ വരെ യാത്രയുടെ ഭാഗമായി മാറ്റാന്‍ കഴിഞ്ഞുവെന്ന നേട്ടവും യാത്രയുടെ ഭാഗമായുണ്ടായി. പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ് , പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് , ജനറല്‍ സെക്രട്ടറിയായിരുന്ന സജി ചാക്കോ, മലപ്പുറത്ത് പാണക്കാട് കുടുംബത്തില്‍ നിന്നും ഹസീബ് സക്കാഫ് തങ്ങള്‍, തിരുവനന്തപുരത്ത് ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ തുടങ്ങി മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളും തുടങ്ങി നിരവധി പൗര പ്രമുഖരും നവകേരളസദസിന്റെ ഭാഗമായി മാറി.

പഴയങ്ങാടിയില്‍ നിന്നും തുടങ്ങിയ അടി തിരുവനന്തപുരം വരെ

പഴയങ്ങാടി എരിപുരത്ത് കല്യാശേരി മണ്ഡലത്തില്‍ നിന്നും മടങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനു നേരെ ഏതാനും ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡരികിലെ പൂച്ചെട്ടികൊണ്ടും ഹെല്‍മെറ്റു കൊണ്ടുമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അതിനെ നേരിട്ടത് ഇതോടെ ഈ കടന്നാക്രമണത്തെ മുഖ്യമന്ത്രി ജീവന്‍ രക്ഷാപ്രവര്‍ത്തനമായി ന്യായീകരിച്ചു പുകഴ്ത്തിയപ്പോള്‍ വിവാദങ്ങളും തുടങ്ങി. പിന്നീടങ്ങോട്ട് പൊലിസും മുഖ്യമന്ത്രിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം നവകേരള യാത്രയെ സംഘര്‍ഷഭരിതമായി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ തങ്ങളുടെ പ്രവര്‍ത്തകരെ തല്ലി ചതച്ചപ്പോള്‍ കോണ്‍ഗ്രസിനെ ഒന്നടങ്കം പ്രകോപിപിച്ചു. ഇതോടെ നേതാക്കളും സടകുടഞ്ഞ് ഉണരുന്ന കാഴ്ച്ചയാണ് കണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമെല്ലാം എന്തിനും തയ്യാറായി കളത്തിലിറങ്ങിയതോടെ തിരുവനന്തപുരത്ത് നടത്തിയ ഡി.ജി.പി. ഓഫിസ് മാര്‍ച്ചിനു നേരെയും പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചു.

വിവാദങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ പൊതു മതിലുകള്‍ വരെ

പാനൂരില്‍ നവകേരള യാത്രയ്ക്ക് സ്‌കൂള്‍ കുട്ടികളെ വെയിലത്ത് റോഡരികില്‍ നിര്‍ത്തി അഭിവാദ്യം ചെയ്യിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. സ്‌കൂളുകള്‍ക്ക് അവധി കൊടുത്ത് കുട്ടികളെ നവ കേരള സദസിലെത്തിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചപ്പോള്‍ കോടതിക്ക് വരെ സര്‍ക്കാരി കതിരെ വടിയെടുക്കേണ്ടി വന്നു. മഞ്ചേരിയിലും പാലക്കാടുമെല്ലാം നവകേരള ബസിന് സഞ്ചരിക്കാന്‍ പൊതുമതിലുകള്‍ പൊളിച്ചതും വിവാദമായി. ഇതോടെ നവകേരള സദസിനെതിരെ ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും രംഗത്തിറങ്ങി. യുത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ തൃശൂരും പത്തനംതിട്ടയിലും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തല്ലിന്റെ രുചിയറിഞ്ഞു. കിട്ടുന്ന ഓരോ അടിക്കും എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുന്നറിയിപ്പുനല്‍കി. രാഷ്ട്രീയ കേരളത്തെ ചൂടുപിടി പിച്ച നിമിഷങ്ങളാണ് പിന്നീട് കടന്നുപോയത്.
നവകേരള ബസിന് ഷൂ എറിഞ്ഞ യുത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ മാത്രമല്ല അതു റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. തിരുവനന്തപുരത്ത് പൊലിസിന്റെ തല്ലുകൊണ്ടു തല പൊട്ടിയവരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മാത്രമല്ല പത്ര ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ ക്യാമറാ മാരുമുണ്ടായിരുന്നു.

മറിയക്കുട്ടിയുടെ നിയമ പോരാട്ടവും കോടതി വിധിയും

നവകേരള സദസ് തുടങ്ങിയതു മുതല്‍ സംഭവിച്ച ചില കാര്യങ്ങള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിസന്ധിയിലാക്കിയിരുന്നു. കലൂര്‍ പള്ളിയിലെ സ്‌ഫോടനം, കളമശേരി എന്‍ജിനിയറിങ്ങ് കോളേജില്‍ തിക്കിലും തിരക്കിലും വിദ്യാര്‍ത്ഥികള്‍ മരിച്ചത്, കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ തിരുവനന്തപുരം സന്ദര്‍ശനവും സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വെളിപ്പെടുത്തലും രണ്ടാം പിണറായി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി. ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ ഭക്തന്‍മാര്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും ഏറ്റവും ഒടുവില്‍ ക്ഷേമ പെന്‍ഷന്‍ കിട്ടുന്നതിനായി മറിയക്കുട്ടിയെന്ന വയോധിക നടത്തിയ നിയമ പോരാട്ടവും അതിന് അനുകൂലമായ ഹൈക്കോടതി ഇടപെടലുമെല്ലാം സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചു. തന്റെ സമരം എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷന്‍ കിട്ടുന്നതിനാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അവഹേളിച്ചുവെന്ന മറിയക്കുട്ടിയുടെ വിമര്‍ശനവും അതിന് മുന്‍പായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു കൊണ്ടു നടത്തിയ വിധി പ്രസ്താവനയും 40 ദിവസം നടത്തിയ നവകേരള സദസിനെ സംഭവബഹുലമാക്കി മാറ്റി. നവകേരള സദസ് രണ്ടാം പിണറായി സര്‍ക്കാരിന് ഗുണം ചെയ്തുവോയെന്ന കാര്യം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധിയില്‍ പ്രതിഫലിച്ചേക്കാം. എന്തു തന്നെയായാലും മന്ത്രിസഭാ പുന:സംഘടന നടത്തി പുതു വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്റെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ ഊര്‍ജം പകരാന്‍ നവകേരള സദസിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page