ഹൈദരാബാദ്: വീട്ടുമുറ്റത്തെ ഗേറ്റില്‍ തെളിച്ചുവച്ച മണ്‍വിളക്ക് ഒരു യുവതിയുടെ ജീവനെടുക്കുന്ന അപകടമായി മാറി. വിളക്കില്‍നിന്ന് സാരിയിലേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ തെലങ്കാന സ്വദേശിനി സായ് വെങ്കട സിന്ധു(18)ചികില്‍സക്കിടെ മരണത്തിന് കീഴടങ്ങി. 16 ദിവസത്തോളം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് യുവതി വിടപറഞ്ഞത്. ഈമാസം 12നായിരുന്നു നാടിനെ നടുക്കിയ അപകടം. അഡഗുട്ട വെസ്റ്റേണ്‍ ഹില്‍സില്‍ താമസിച്ചിരുന്ന സിന്ധു, അഡഗുട്ടയിലെ സ്വന്തം വസ്ത്രശാല അടച്ചശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീടിന്റെ ഗേറ്റില്‍ കത്തിച്ചുവച്ചിരുന്ന മണ്‍വിളക്കില്‍നിന്ന് സിന്ധു ധരിച്ചിരുന്ന സാരിയിലേക്ക് തീ പടരുകയായിരുന്നു. തീ ശരീരത്തിലേക്ക് പടര്‍ന്നതോടെ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ നീണ്ട ചികിത്സ നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി വസ്ത്രവ്യാപാരം ആരംഭിച്ച് ശ്രദ്ധ നേടിയ സിന്ധു നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവളായിരുന്നു. യുവതിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്.








