പട്ന: ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മരുമകളേയും ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു. ബിഹാര്‍ പൂര്‍ണിയ ജില്ലയിലെ കൊയ്ലി സിംദ വെസ്റ്റ് പഞ്ചായത്തിലെ അറുപത്തൊന്‍പതുകാരിയായ രാംലാ ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്റെ ഭാര്യ ഗുഡ്ഡി കുമാരി സുഹൃത്ത് റിഷി കുമാര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച മരക്കഷണവും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഈമാസം 25-ന് പുലര്‍ച്ചെ മൂന്നോടെ ടികപട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നയാ നന്ദ്ഗോള ഗ്രാമത്തിലാണ് സംഭവം. രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു ഗുഡ്ഡികുമാരിയും റിഷിയും. അടുത്തിടെ രാത്രിയില്‍ ഇരുവരും മുറിയില്‍ ഒരുമിച്ച് ഇരിക്കുന്നത് റംലാദേവി കണ്ടിരുന്നു. ഈ ബന്ധം പുറത്തറിയുമെന്ന് ഭയന്ന ഗുഡ്ഡി കുമാരി മരക്കഷണം എടുത്ത് രാംല ദേവിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാംല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം, അയല്‍വാസിയായ ഒരു കുടുംബത്തെ പ്രതികളാക്കി അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. രാംലയുടെ മകന്‍ അബോധ് പാസ്വാന്റെ പരാതിയില്‍ അയല്‍വാസിയായ നിതീഷ് കുമാറിനെയും മാതാവിനെയും പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതാണെന്നാണ് പരാതിയുണ്ടായിരുന്നത്. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ നിതീഷ് കുമാറും മാതാവും ചേര്‍ന്ന് രാംലയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന പ്രചരണത്തെ തുടര്‍ന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ മരുമകളും കാമുകനുമാണെന്ന് കണ്ടെത്തി. വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ ആണ്‍സുഹൃത്ത് സംഭവം പൊലീസിനോട് വിവിരിച്ചു. ഇതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.








