പ്രസവിച്ചയുടന്‍ കുഞ്ഞിനെ പൊതുശൗചാലത്തിന്റെ ക്ലോസറ്റില്‍ തള്ളി, രക്ഷപ്പെടാന്‍ ശ്രമിച്ച 19 കാരിയെ നാട്ടുകാര്‍ പിടികൂടി

മൂന്നാര്‍: പ്രസവിച്ച ഉടന്‍ നവജാതശിശുവിനെ പൊതു ശൗചാലയത്തിലെ ക്ലോസറ്റില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂര്യനെല്ലി സ്വദേശിനിയാണ് യുവതി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മൂന്നാര്‍ ടൗണിലെ തിരക്കേറിയ പൊതുശൗചാലയത്തിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് 19കാരി ഇവിടെ എത്തിയത്. തുണിയില്‍ പൊതിഞ്ഞു കൊണ്ടുവന്ന ശിശുവിനെ ക്ലോസറ്റില്‍ ഇട്ടശേഷം അടുത്ത ശുചിമുറിയില്‍ കയറി. ക്ലോസറ്റില്‍ കിടന്ന കുഞ്ഞ് കരഞ്ഞതോടെ സമീപത്തുണ്ടായിരുന്ന മൂന്നാര്‍ സ്വദേശിനിയായ സ്ത്രീയും സുഹൃത്തും ശുചിമുറി തുറന്നു നോക്കി. ക്ലോസറ്റില്‍ രക്തം പുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ സമീപത്തെ ശൗചാലയത്തില്‍നിന്ന് ഇറങ്ങിവന്ന യുവതിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും അവര്‍ നിഷേധിച്ചു. എന്നാല്‍ യുവതിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് യുവതിയെ തടഞ്ഞുവെച്ച് കുഞ്ഞിനൊപ്പം മുന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിവാഹിതയായ 19 കാരി ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ആശുപത്രി അധികൃതരുടെ വിവരത്തെത്തുടര്‍ന്ന് മൂന്നാര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page