പാട്‌ന: വിവാഹം കഴിഞ്ഞ് നടന്ന സല്‍ക്കാരത്തിനിടെ വേദിയില്‍ കുഴഞ്ഞുവീണ് വരന്‍ മരിച്ചു. ബിഹാറിലെ കതിഹാര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പട്നയില്‍ ആയുഷ് ഡോക്ടറായി ജോലി ചെയ്തിരുന്ന പവന്‍ കുമാര്‍ യാദവാണ് മരിച്ചത്. നവംബര്‍ 25 നായിരുന്നു പവന്‍ കുമാറിന്റെ വിവാഹം. വധുവിന്റെ ഗ്രാമമായ ദിറ ചന്ദ്പൂരില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ ആഘോഷപൂര്‍വം നടന്നത്. അടുത്ത ദിവസം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് വൈകുന്നേരം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായി വിവാഹ സല്‍ക്കാരവും സ്വീകരണവും സംഘടിപ്പിച്ചിരുന്നു. ചടങ്ങുകള്‍ അവസാനിക്കാറായ സമയത്ത് വധുവിനൊപ്പം വേദിയില്‍ ഇരിക്കുകയായിരുന്ന പവന്‍ കുമാര്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ ഫാല്‍ക്ക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി പൂര്‍ണിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പ് വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. വിവാഹ ആഘോഷങ്ങള്‍ നിറഞ്ഞുനിന്ന വീട്ടിലേക്ക് മരണവാര്‍ത്ത എത്തിയതോടെ ഇരു കുടുംബങ്ങളും കടുത്ത ദുഃഖത്തിലായി. ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞ വധു ബോധരഹിതയായി വീണു. തുടര്‍ന്ന് ഇവരെയും ആശുപത്രിയിലെത്തിച്ചു. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളും ഗ്രാമവാസികളും സംഭവത്തിന്റെ ഞെട്ടലിലാണ്. പവന്‍ കുമാറിന്റെ മൃതദേഹം പിന്നീട് സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയി.








