ചെന്നൈ: വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍. കള്ളക്കുറിച്ചി ജില്ലാ കളക്ടറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, പൊതുപരിപാടികളിലും ഔദ്യോഗിക വസതിയിലുമെത്തി അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. ആരോപണങ്ങളിൽ നടപടിയെടുക്കാൻ വൈകിയതിന് വിജയ് സർക്കാരിനെ മദ്രാസ് ഹൈക്കോടതി വിമർശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. തനിക്ക് ലൈംഗികച്ചുവയുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും, അനുചിതമായി പെരുമാറിയതായും, മദ്യലഹരിയിൽ തന്റെ ഔദ്യോഗിക വസതിയിലേക്ക് എത്തിയതായും ഉദ്യോഗസ്ഥ ആരോപിച്ചു. കളക്ടറുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍, സ്ത്രീ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ 75, 78, 79 വകുപ്പുകളും ചുമത്തിയാണ് എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
എന്നാൽ വിഘ്‌നേഷ് ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. ഡി.എം.കെ എംപി കനിമൊഴിയാണ് ഈ വിഷയം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്. ഇതിനെത്തുടര്‍ന്ന്, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷനും ആരോപണങ്ങള്‍ സ്വമേധയാ പരിഗണിക്കുകയും, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
വിഘ്‌നേഷിനെ സംരക്ഷിക്കുന്നതിനായി മന്ത്രിമാരും ടി.വി.കെയുടെ സഖ്യകക്ഷി നേതാക്കളും പരാതി തള്ളിക്കളയുകയായിരുന്നുവെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ആരോപിച്ചു. ഉദ്യോഗസ്ഥയെ സോഷ്യൽ മീഡിയയിലൂടെ ലക്ഷ്യമിടുകയും ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തുകയും ചെയ്തു. മദ്രാസ് ഹൈക്കോടതിയും ദേശീയ വനിതാ കമ്മീഷനും ഇടപെട്ടതിന് ശേഷം മാത്രമാണ് അറസ്റ്റ് നടന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. സമ്മർദ്ദങ്ങൾക്കിടയിലും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായ ഉദ്യോഗസ്ഥയെ അദ്ദേഹം അഭിനന്ദിച്ചു.








