പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: പൊതുമേഖലാ സ്ഥാപനമായ ‘സിൽക്കി ‘ലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

കണ്ണൂർ:മുന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.പി ദിവ്യക്കെതിരെ നടത്തുന്ന വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊതുമേഖല സ്ഥാപനമായ ‘സില്‍ക്കി’ലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. നവംബർ 30, ഡിസംബർ ഒന്ന് തീയ്യതികളിലായിരിക്കും ചോദ്യം ചെയ്യൽനടക്കുക. പ്രസ്തുത ദിവസങ്ങളിൽ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ ഹാജരാകാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
കെ.എസ്.യു നേതാവ് പി. മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നുവെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് അതിന്റെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമമാണ് വിജിലന്‍സ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ല പഞ്ചായത്ത് ഓഫീസിലും സില്‍ക്കിലെ ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തുകയും ഏതാനും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സില്‍ക്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
പി.പി ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ 12 കോടി രൂപയുടെ പ്രൊജക്ടുകള്‍ കാര്‍ട്ടണ്‍ ഇന്ത്യ എന്ന കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ടാണ് പരാതി. ഈ കമ്പനി പി.പി ദിവ്യയുടെ ബിനാമിയാണെന്ന് ആരോപണമുണ്ട്. ജില്ല പഞ്ചായത്തിന്റെ പദ്ധതികള്‍ പൊതുമേഖല സ്ഥാപനത്തിന് മാത്രമേ നല്‍കാനാവൂ. പൊതുമേഖല സ്ഥാപനമായ സില്‍ക്ക് ഏറ്റെടുത്ത കരാറുകള്‍ കാര്‍ട്ടണ്‍ ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്ക് ഉപ കരാറുകളായി നല്‍കുകയായിരുന്നു. സില്‍ക്ക് ഉദ്യോഗസ്ഥരെ ചോദ്യംചെയ്തശേഷം കാര്‍ട്ടണ്‍ ഇന്ത്യ ഡയറക്ടര്‍മാരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ഇതിന് പുറമെ പ്രൊജക്ട് നടപ്പിലാക്കിയ സ്ഥലങ്ങള്‍ അന്വേഷണസംഘം സന്ദര്‍ശിക്കുകയും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയത് , അതിന് എത്രമാത്രം പണം ചിലവഴിച്ചിട്ടുണ്ടാകും തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.അതിനുശേഷമായിരിക്കും എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് സ്കൂളിന്റെ ‘ചിറകി ‘നു ഒന്നാം സ്ഥാനം; മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടി
Scroll to top

You cannot copy content of this page