കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 10,000രൂപ പിഴയും. മട്ടന്നൂര്‍, എടയന്നൂര്‍ കൊളോളത്തെ താമരവളപ്പില്‍ പ്രകാശനെ (51)ആണ് മട്ടന്നൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2024 ഏപ്രില്‍ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു പെണ്‍കുട്ടി. പശ്ചിമബംഗാള്‍- ബര്‍മ്മ അതിര്‍ത്തിയില്‍ നിന്ന് ജോലി തേടി കണ്ണൂരില്‍ എത്തിയതായിരുന്നു മാതാപിതാക്കള്‍. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പെണ്‍കുട്ടി നിലവിളിച്ചു.സ്ഥലത്തുണ്ടായിരുന്ന റെയില്‍വേ ക്ലീനിംഗ് സ്റ്റാഫ് ഓടിയെത്തിയതോടെ പ്രകാശന്‍ രക്ഷപ്പെട്ടു. അന്നത്തെ റെയില്‍വേ എസ്.ഐയായിരുന്ന ഇപ്പോഴത്തെ വളപട്ടണം സി.ഐ. പി. വിജേഷാണ് കേസ് അന്വേഷിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ രണ്ട് സമുദായത്തില്‍പ്പെട്ടവരാണ്. പ്രണയിച്ച് വിവാഹം കഴിച്ചതിനാല്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ കണ്ണൂരില്‍ എത്തിയതായിരുന്നു. എന്നാല്‍ സംഭവത്തിന് പിറകെ ഭയന്നുപോയ കുടുംബം നാട്ടിലേക്ക് തിരിച്ചുപോയി. കേസ് വിചാരണ നടക്കുമ്പോള്‍ കണ്ണൂരിലേക്ക് വരാന്‍ ആദ്യം കുടുംബം വിസമ്മതിച്ചു. പൊലീസ് ഇവരുടെ ജന്മനാട്ടിലെത്തി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുകയും മാതാപിതാക്കളെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് തന്നെ കുടുംബത്തിന് കണ്ണൂരില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയാണ് വിചാരണ നടപടി പൂര്‍ത്തീകരിച്ചത്. ഇതിന് പൊലീസിനെ കോടതി വിധി പ്രസ്താവനയ്ക്കിടയിൽ അഭിനന്ദിച്ചു.








