കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡുക്കത്ത്ബയലില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ച നിലയില്‍ കണ്ടെത്തി. താളിപ്പടുപ്പിലെ ശോഭരാജിന്റെ സ്‌കൂട്ടറാണ് കത്തി നശിച്ചത്. പ്ലംബര്‍ ജോലിക്കാരനാണ് ശോഭരാജ്. അഡുക്കത്ത്ബയല്‍ തോട്ടതടി എന്ന സ്ഥലത്ത് ഇന്നലെ (വെള്ളി) രാവിലെ നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍. ആള്‍താമസമില്ലാത്ത വീടിന് സമീപത്താണ് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നത്. ഉച്ചക്ക് ഒന്നരമണിയോടെയാണ് സ്‌കൂട്ടര്‍ കത്തി നശിച്ച നിലയില്‍ കാണപ്പെട്ടത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ശബരിമല ദര്‍ശനത്തിന് പോകാനായി മുദ്ര ധരിച്ച് വ്രതം നോക്കുന്ന ആളാണ് ശോഭരാജ്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.







