മുംബൈ: ഘാട്‌കോപ്പര്‍ റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് അറുപതുകാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 25-കാരനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. തസ്ലിം നൂര്‍ മുഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഘാട്‌കോപ്പറിലെ അസല്‍ഫയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഡാവ്ലി സ്വദേശിയായ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. ഇവര്‍ ഘാട്‌കോപ്പറില്‍ ദിവസക്കൂലി തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ് പതിനെട്ടുകാരിയായ മകള്‍ക്കൊപ്പം കഡാവ്‌ലിയിലേക്ക് പോകാന്‍ ഘാട്‌കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. മകള്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പോയി ഇരുന്നു. രാത്രി 11.12-ഓടെ സ്ത്രീ ശുചിമുറിയിലേക്ക് പോയി. ജീവനക്കാരില്ലാതിരുന്ന ശുചിമുറിയിലേക്ക് യുവാവ് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
ശുചിമുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയ പ്രതി, സ്ത്രീയെ നെറ്റിയില്‍ മര്‍ദിക്കുകയും പാസേജില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി ഘാട്‌കോപ്പര്‍ മെട്രോയുടെ ദിശയിലേക്ക് തിടുക്കപ്പെട്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പുറത്തിറങ്ങിയ സ്ത്രീ വിവരം മകളെ അറിയിക്കുകയും തുടര്‍ന്ന് ഇരുവരും നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ജിആര്‍പി ഡെസ്‌കില്‍ സഹായം തേടുകയുമായിരുന്നു. സ്റ്റേഷന്‍ മാനേജരെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും വിവരം അറിയിച്ച ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്ത്രീയില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ഇവരെ ഘാട്‌കോപ്പറിലെ രാജവാടി ആശുപത്രിയിലേക്ക് മാറ്റി. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.








