ഭാര്യമാര്‍ തമ്മില്‍ എന്നും വീട്ടില്‍ വഴക്ക്; സഹികെട്ടതോടെ രണ്ടിനേയും കൊന്ന് കുഴിച്ചുമൂടി സഹോദരങ്ങളായ ഭര്‍ത്താക്കന്മാര്‍

റാഞ്ചി: വീട്ടില്‍ ഭാര്യമാര്‍ തമ്മില്‍ എന്നും വഴക്ക്. സഹികെട്ട സഹോദരങ്ങളായ ഭര്‍ത്താക്കന്മാര്‍ രണ്ടിനേയും കൊന്ന് കുഴിച്ചുമൂടി. ജാര്‍ഖണ്ഡിലെ ഗുംല സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സംസേര ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ഇരട്ടക്കൊലപാതകം നടന്നത്. സംഭവത്തില്‍ രണ്ട് സഹോദരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതികള്‍ തമ്മില്‍ നിരന്തരം വഴക്കിട്ടതില്‍ പ്രകോപിതരായാണ് ഭര്‍ത്താക്കന്‍മാര്‍ ഈ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആംബുലന്‍സ് ഡ്രൈവറായ ശിവശങ്കര്‍ സാഹുവും സഹോദരന്‍ നവീന്‍ സാഹുവുമാണ് കേസിലെ പ്രതികള്‍. മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ അയല്‍ ജില്ലയായ സിംദേഗയിലെ വനത്തിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചുവെന്ന് ഗുംല പൊലീസ് സൂപ്രണ്ട് ഹാരിസ് ബിന്‍ സമ പറഞ്ഞു. ഭാര്യമാര്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകുന്നതില്‍ സഹോദരങ്ങള്‍ കടുത്ത അമര്‍ഷത്തിലായിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് രമ്യതയിലായിരുന്നതായും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ മിനിയുടെയും രാധികയുടെയും കുടുംബാംഗങ്ങള്‍ അവരോട് സംസാരിച്ചിരുന്നു. അപ്പോള്‍ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കൊലപാതകത്തിന് ശേഷം ഭാര്യമാര്‍ തങ്ങളെ ഉപേക്ഷിച്ചുപോയെന്നാണ് ശിവശങ്കറും നവീനും പൊലീസിനോട് പറഞ്ഞത്. എന്നാല്‍, തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും മൃതദേഹങ്ങള്‍ കൊണ്ടുപോയ ആംബുലന്‍സും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ മാതാപിതാക്കളായ സമേശ്വര്‍ സാഹു, തിലേശ്വരി ദേവി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളും സംഭവത്തില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കുള്ള പങ്കും കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഗുംല എസ്പി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page