ന്യൂദെല്‍ഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയ ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ ഇന്ന് (വെള്ളി) പരിഗണിക്കും. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്താനാണ് ബില്‍ ലക്ഷ്യമിടുന്നത്. മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ലിനൊപ്പം സഭയില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനുള്ള ബില്ലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് സൂചന.
മണ്ഡല പുനര്‍നിര്‍ണ്ണയ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ നേരത്തെ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇത്തവണ പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ കണക്കിലെടുത്തുകൊണ്ടുള്ള വ്യവസ്ഥകളോടെ ആയിരിക്കും ബില്‍ അവതരിപ്പിക്കുകയെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭ ബില്ലിനു അംഗീകാരം നല്‍കിയാല്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ നാലു ദിവസത്തെ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.








