മംഗളൂരു: മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ കടകളും ഹോട്ടലുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും രാത്രി 11.45 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും കുറ്റകൃത്യങ്ങളും പൊതുജന ശല്യവും തടയുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണ് സമയ പരിധി നീട്ടിയത്. വ്യാപാര, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ദിവസവും രാത്രി 11.45 മുതല്‍ പുലര്‍ച്ചെ 5.30 വരെ നിയന്ത്രിച്ചുകൊണ്ട് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ സുധീര്‍ കുമാര്‍ റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം, മംഗളൂരു സിറ്റി പരിധിയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍, കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായക്കടകള്‍, പാന്‍ ഷോപ്പുകള്‍, മറ്റ് വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ രാത്രി 11.45 നും പുലര്‍ച്ചെ 5.30 നും ഇടയില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചു.
എന്നാല്‍ ആശുപത്രികള്‍, ഫാര്‍മസികള്‍, അടിയന്തര സേവനങ്ങള്‍, അവശ്യ പൊതു യൂട്ടിലിറ്റി സേവനങ്ങള്‍, സര്‍ക്കാരില്‍ നിന്നോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ പ്രത്യേക അനുമതി നേടിയ സ്ഥാപനങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിവലില്‍ രാത്രി പത്തരവരെയാണ് നിയന്ത്രണമുള്ളത്. എന്നാല്‍ ഉത്തരവുണ്ടായിട്ടും നിരവധി ഹോട്ടലുകള്‍, ചായക്കടകള്‍, പാന്‍ ഷോപ്പുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ രാത്രി വൈകിയും ചില സ്ഥലങ്ങളില്‍ പുലര്‍ച്ചെ വരെയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രാത്രികാലങ്ങളില്‍ അനാവശ്യമായി ആളുകള്‍ ഒത്തുകൂടുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ഈ നിയന്ത്രണം. മയക്കുമരുന്ന് ദുരുപയോഗവും കുറ്റകൃത്യങ്ങളും ഏറെ നടക്കുന്നത് രാത്രിയിലാണ്. ഇത് ഒരുപരിധിവരെ കുറക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.








