മദ്രസയിൽ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങൽ; മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് വർഷത്തോളം ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ അറസ്റ്റിലായി. പൂന്തുറ സ്വദേശി സഹീർ ഖാൻ(42) ആണ് പിടിയിലായത്. പള്ളിത്തെരുവ് ദീനിയാത്ത് മദ്രസയിലെ അധ്യാപകനാണ് ഇയാൾ. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. ഈ സമയം കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നുവെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് അറസ്റ്റ് ഒഴിവാക്കാനായി പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 13-ന് കേരള ഹൈക്കോടതി തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുകളുള്ള ഗുരുതരമായ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ നിയമപരമായ എല്ലാ വഴികളും അടഞ്ഞ പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page