കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികള്‍. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പ്രശാന്ത് ആണ് വിധി പറയുക. ധനരാജിനെ 2016 ജൂലൈ 11നാണ് ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ടു ബൈക്കുകളിലായി ആർഎസ്എസ് ബിജെപി പ്രവർത്തകർ പിന്തുടർന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 20 പേർ ചേർന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ആദ്യ മൂന്നു പ്രതികളായ ടി.പി ബിജു, വിപിൻ എം, വൈശാഖ് എം എന്നിവർ ചേർന്നാണ് ധനരാജിനെ വെട്ടി കൊലപ്പെടുത്തുന്നത്. ഇതിൽ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ. അനൂപും പത്താം പ്രതി കെ. മനൂപും സഹോദരന്മാരാണ്. കേസിലെ പതിനാറാം പ്രതി തിരുവനന്തപുരം സ്വദേശിയായ കണ്ണൻ എന്ന അജീഷ് ആർഎസ്എസ് ജില്ലാ പ്രമുഖനായിരുന്നു. പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വർഷത്തിനുശേഷം കൊല്ലപ്പെട്ടു. ധനരാജിന്‍റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപട്ടികയിലെ മൂന്നു പേര്‍ കോടതിയില്‍ എത്തിയില്ല. ധനരാജനെ കൊലപ്പെടുത്താൻ രണ്ടിടത്തായി ഗൂഢാലോചന നടന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. 127 രേഖകൾ, വസ്ത്രങ്ങള്‍ ആയുധം, വാഹനം ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അന്നത്തെ സി ഐ ആയിരുന്ന എംപി ആസാദ്, എസ് ഐ എ വി ദിനേശൻ എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം പത്തു വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.








