മലപ്പുറം: ഓണ്‍ലൈന്‍ വഴി വാങ്ങിയ സൗന്ദര്യവര്‍ധക ഫെയ്‌സ്‌ക്രീം ഉപയോഗിച്ച 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം. വിദഗ്ധ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി അരീക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ സംഘം. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് സ്ഥിരീകരിച്ചത്. വിദഗ്ധപരിശോധനയില്‍ ക്രീമില്‍ മെര്‍ക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തി. മെഡിക്കല്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു. ശരീരത്തില്‍ നീരും കടുത്ത ശാരീരിക അസ്വസ്ഥതകളുമായിട്ടാണ് ഇവരെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. നെഫ്രോളജി വിഭാഗം സീനിയര്‍ സ്‌പെഷലിസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഉപയോഗിച്ചിരുന്ന സൗന്ദര്യ വര്‍ധക ക്രീമാണെന്നു തിരിച്ചറിഞ്ഞത്. പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വില്‍പനയ്ക്കുവെച്ചിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. മെര്‍ക്കുറി അമിതമായതിനാല്‍ മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ബി.പി. കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി. തുടര്‍പരിശോധനയിലാണ് രക്തത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്
അരീക്കോട് സ്വദേശിനി നിലവില്‍ നെഫ്രോളജി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയില്‍ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വൃക്കയില്‍ നെഫ്രോട്ടിക് സിന്‍ഡ്രോം അഥവാ മെമ്പ്രനസ് നെഫ്രോപ്രതി എന്ന അവസ്ഥയുണ്ടായാല്‍ കേന്ദ്രനാഡീവ്യവസ്ഥയെ ബാധിക്കും. ക്ഷീണം, വിറയല്‍, ഓര്‍മക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവയ്ക്കും കാരണമാകും. ഇത്തരം ഫെയര്‍നസ് ക്രീമുകള്‍ ഉപയോഗിക്കുന്നതിനുമുമ്പ് ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ഉപദേശം തേടണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.








