കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ സ്ഥാപിച്ച ടോള്‍ ബൂത്ത് ദേശീയപാതാ അധികൃതര്‍ പൊളിച്ചുമാറ്റിത്തുടങ്ങി. കഴിഞ്ഞ ജനുവരി 12 മുതല്‍ ഫെബ്രുവരി 4 വരെയുള്ള 24 ദിവസം ടോള്‍ പിരിവ് നടന്നിരുന്നു. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് ടോള്‍ ബൂത്ത് സ്ഥാപിച്ചത്. ടോള്‍പ്ലാസ നിലവില്‍ വന്ന് പണം പിരിക്കല്‍ ആരംഭിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധങ്ങളുണ്ടായിരുന്നു. ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എട്ടുമാസത്തോളം നടന്ന ജനകീയസമരത്തിനൊടുവില് അധികൃതര്‍ ടോള്‍ബൂത്ത് ഉപേക്ഷിക്കുകയായിരുന്നു. ഫെബ്രുവരി 4-നാണ് ടോള്‍ പ്ലാസ നീക്കം ചെയ്യാന്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം തീരുമാനിച്ചത്.







