മഞ്ചേശ്വരം കടവ് മഖാമില്‍ കവര്‍ച്ച; ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു, പൊലീസ് സ്ഥലത്തെത്തി

മഞ്ചേശ്വരം: കജ റോഡിലെ കടവ് മഖാമില്‍ കവര്‍ച്ച. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഉസ്താദ് വാതില്‍ അടച്ചുപോയിരുന്നു. ശനിയാഴ്ച രാവിലെ എത്തിയപ്പോഴാണ് പ്രധാനവാതില്‍ കുത്തിത്തുറന്ന നിലയില്‍ ശ്രദ്ധയില്‍പെട്ടത്. മഖാമിന് മുന്നിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്നിട്ടുണ്ട്. പതിനായിരത്തിലധികം രൂപ ഭണ്ഡാരത്തിലുണ്ടായിരിക്കുമെന്ന് ഉസ്താദ് അശ്രഫ് പറയുന്നു. മഖാമിന്റെ അകത്തെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. എ.എസ്‌ഐ അര്‍ജുന്‍ അരവിന്ദിന്റെ നേതൃത്വത്തിലെത്തിയ സംഘം മഖാം പരിസരത്ത് പരിശോധന നടത്തി. മഞ്ചേശ്വരം ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പലയിടത്തും മോഷണം നടന്നിരുന്നു. ഈമാസം 12ന് മഞ്ചേശ്വരത്തെ മസ്ജിദിനോട് ചേര്‍ന്നുള്ള ദര്‍ഗയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് അര ലക്ഷത്തിലധികം രൂപ കവര്‍ന്നിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page