പോളിയോ ബോധവത്കരണവുമായി ഹക്കീം കമ്പാർ; ഹൃദയം തൊട്ട് പ്രചാരണ വീഡിയോ

​

​മഞ്ചേശ്വരം: നാളെ ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പ്രചാരണാർത്ഥം, പോളിയോ ബാധിതനും സാമൂഹ്യ പ്രവർത്തകനുമായ ഹക്കീം കമ്പാർ പുറത്തിറക്കിയ ബോധവത്കരണ വീഡിയോ ശ്രദ്ധേയമാകുന്നു. സ്വന്തം ജീവിതാനുഭവം മുൻനിർത്തി ഹക്കീം പങ്കുവെച്ച വൈകാരികമായ വാക്കുകൾ ഇതിനോടകം തന്നെ ജില്ലയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ സ്റ്റാറ്റസുകളാക്കുകയും ചെയ്തിട്ടുണ്ട്. ​വോർക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡന്റ് ഗ്രേഡ്-2 ജീവനക്കാരനാണ് ഹക്കീം കമ്പാർ. ​”അറിവില്ലായ്മയും അജ്ഞതയും കാരണം ഞങ്ങളെപ്പോലെയുള്ള ഒരുപാട് പേർക്ക് അന്ന് പോളിയോ തുള്ളിമരുന്ന് ലഭിച്ചിരുന്നില്ല. അതിന്റെ ഫലമായി പലരും മരണത്തിന് കീഴടങ്ങി, മറ്റു ചിലരാകട്ടെ, ഞങ്ങളെക്കാൾ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്നു. ഇനിയുള്ള ഒരു തലമുറയും ഞങ്ങളെപ്പോലെ ആകരുത്. പോളിയോയുടെ ആ തീരാവേദന ഇനിയൊരു കുഞ്ഞും അറിയരുത്’ ഹക്കീമിന്റെ വാക്കുകൾ ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. ​അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുരുന്നുകൾക്കും പോളിയോ പ്രതിരോധത്തിന്റെ ആ രണ്ട് തുള്ളി മരുന്ന് നിർബന്ധമായും നൽകണമെന്നും, പോളിയോ വൈറസ് ഭൂമിയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെടുന്നതുവരെ ഈ കരുതൽ തുടരണമെന്നും അദ്ദേഹം വീഡിയോയിലൂടെ ഓർമ്മിപ്പിക്കുന്നു. “ആ രണ്ട് തുള്ളി മരുന്ന് ഓരോ കുഞ്ഞിന്റെയും അവകാശമാണ്; ഒപ്പം നമ്മുടെ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തവുമാണ്” എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
​കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി തന്റെ മുച്ചക്ര സ്കൂട്ടറിൽ സഞ്ചരിച്ച് ഹക്കീം കമ്പാർ പോളിയോ ബോധവത്കരണ പ്രചാരണ യാത്രകൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തവണ നവമാധ്യമങ്ങളിലൂടെയുള്ള വേറിട്ട പ്രചാരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page