നീലേശ്വരം: കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ഏഴ് പതിറ്റാണ്ട് നീളുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഥമ പ്രൊഫഷണല്‍ നാടകോത്സവം 21 മുതല്‍ 25 വരെ നടക്കും. ഡോ.ആനക്കൈ ബാലകൃഷ്ണന്‍ ചെയര്‍മാനും, ഒഎം ബാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായിട്ടുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്
നാടകോത്സവ വരവറിയിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കോയിത്തട്ടയില്‍ നിന്ന് കാലിച്ചാമരത്തേക്ക് നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ഘോഷയാത്ര നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് സാംസ്‌കാരിക പരിപാടികളും തുടര്‍ന്ന് നാടകാവതരണവും ഉണ്ടാകും.
ശനിയാഴ്ച ഡോ.നിതീഷ് നാരായണന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ശ്വാസം’ നാടകം അരങ്ങേറും. 22 ന് ഡോ. ബിജു ബാലകൃഷ്ണന്റെ പ്രഭാഷണവും തിരുവനന്തപുരം സൗപര്‍ണികയുടെ ‘പടയോട്ടം’ നാടകവും നടക്കും. 23 ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട പ്രഭാഷണം നടത്തും. തുടര്‍ന്ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ‘ഇരുവര്‍’ നാടകം അവതരിപ്പിക്കും. 24 ന് കടയ്ക്കല്‍ എസ്.എസ്. നടനസഭയുടെ ‘ഈശ്വരന്റെ തിരക്കഥ’ നാടകം ഉണ്ടാകും. 25 ന് നടക്കുന്ന സമാപന സമ്മേളനം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം സംസ്‌കൃതിയുടെ ‘ഭൂട്ടാനി’ നാടകവും അവതരിപ്പിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഒഎം ബാലകൃഷ്ണന്‍, എന്‍ ഗോപിനാഥന്‍, കെ വസന്തകുമാര്‍, എം ചന്ദ്രന്‍, വാസു കരിന്തളം എന്നിവര്‍ പങ്കെടുത്തു.







