നോയിഡ: 28 കാരിയായ എസ്‌ഐയെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് പൊലീസിലെ 2023 ബാച്ച് ഉദ്യോഗസ്ഥയായ രശ്മി ഗൗതമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് പിതാവ് സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ വളപ്പിലുള്ള ക്വാര്‍ട്ടേഴ്‌സിലെത്തി അന്വേഷണം നടത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് അടച്ചനിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രശ്മിയെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ നോയിഡ അതോറിറ്റി ഓഫീസിലെ ഡ്യൂട്ടി കഴിഞ്ഞ് ഗൗതം തിരിച്ചെത്തിയിരുന്നു. അപ്പോള്‍ മുതല്‍ മുറിയിലായിരുന്നതായും ജാര്‍ച്ച എസ്എച്ച്ഒ കൈലാഷ് നാഥ് പറഞ്ഞു.
പ്രാഥമിക നിഗമനത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ശരീരത്തില്‍ പരുക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ’ എസ്എച്ച് ഒ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.








