പതിനാലുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം; കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായം, ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടിയുണ്ടാകും

തിരുവനന്തപുരം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് പതിനാലുകാരനായ ജുനൈദ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിര്‍ദേശം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് കൈമാറി.
14 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി വെന്നിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്യും. പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടിയുണ്ടാകും. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്കും കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാകേണ്ടതുണ്ട്. ഡിസംബര്‍ മൂന്നിന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും, ചെറുമുക്ക് സുന്നത്ത് നഗര്‍ മമ്പഉല്‍ ഉലൂം മദ്രസയിലെ പത്താം തരം വിദ്യാര്‍ഥിയുമായിരുന്നു ജുനൈദ്. ഞായറാഴ്ച രാവിലെ പത്തരയോടെ ചെറുമുക്ക് വെസ്റ്റിലെ ആമ്പല്‍ പാടത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. രാവിലെ മദ്രസ പഠനം കഴിഞ്ഞ് വീട്ടിലെത്തിയ ജുനൈദും നാല് സുഹൃത്തുക്കളും ചേര്‍ന്ന് സമീപത്തെ പാടത്ത് കൃഷിക്കായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നത് കാണാന്‍ പോയതായിരുന്നു. സുഹൃത്തുക്കള്‍ ആദ്യം വയലിലേക്ക് ഇറങ്ങുകയും തൊട്ടുപിന്നാലെ ജുനൈദ് വയലിലേക്ക് ഇറങ്ങുകയുമായിരുന്നു. കാല്‍വഴുതി വീഴാന്‍ പോയ ജുനൈദ്, വീഴ്ച ഒഴിവാക്കാനായി തൊട്ടടുത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറില്‍ പിടിച്ചതോടെയാണ് ശക്തമായ വൈദ്യുതാഘാതമേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page