ലഖ്നൗ: വന്ദേഭാരത് എക്സപ്രസില്‍ ടിക്കറ്റില്ലാതെ കയറുന്നവരുടെ ശ്രദ്ധയ്ക്ക്, ബന്ധുവിനെ യാത്രയാക്കാന്‍ വന്ദേഭാരത് ട്രെയിനില്‍ കയറിയവര്‍ക്ക് പിഴ വന്നത് 36,000 രൂപ. കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള 12 പേരാണ് ബന്ധുവിനെ സഹായിക്കാനും സാധനങ്ങള്‍ ക്രമീകരിച്ചുനല്കാനും ട്രെയിനില്‍ കയറിയത്. എന്നാല്‍ ഇവര്‍ പുറത്തിറങ്ങുന്നതിന് മുമ്പ് ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകള്‍ അടയുകയായിരുന്നു. ഇതോടെ ട്രെയിനില്‍ കുടുങ്ങിയവര്‍ പരിഭ്രാന്തരായി ബഹളം വച്ചു. റെയില്‍വേ അധികൃതര്‍ വിവരം കണ്ട്രോള് റൂമില്‍ അറിയിച്ചതോടെ ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. കാണ്‍പൂരില്‍ നിന്ന് ഏകദേശം 139 കിലോമീറ്റര്‍ അകലെയുള്ള ഇറ്റാവ ജങ്ഷനിലാണ് ട്രെയിന്‍ നിര്‍ത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഗവണ്മെന്റ് റെയില്‍വേ പൊലീസും സ്ഥലത്തെത്തി.
12 പേരെയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് പുറത്തിറക്കി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും അനുമതിയില്ലാതെ ട്രെയിന്‍ കോച്ചില്‍ പ്രവേശിച്ചതിനും ഒരാള്‍ക്ക് 3,000 രൂപ വീതമാണ് റെയില്‍വേ പിഴ ചുമത്തിയത്. ആകെ 36,000 രൂപ പിഴ ഈടാക്കി. പിഴ അടച്ചതിനു പിന്നാലെ മുന്നറിയിപ്പ് നല്കി ഇവരെ വിട്ടയക്കുകയാണുണ്ടായത്.








