ചെറുവത്തൂര്‍: വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായി. പടന്ന ഓരിമുക്ക് സ്വദേശി എകെ അനസ്(41) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. വെളളിയാഴ്ച വൈകീട്ട് നാലോടെ പ്രതിയുടെ പടന്ന കടപ്പുറത്തെ ഭാര്യയുടെ വീടിന് മുന്നില്‍ വച്ചാണ് എംഡിഎംഎ പിടികൂടിയത്. വീട്ടില്‍ എംഡിഎംഎ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് അനസിനെ കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചന്തേര എസ്‌ഐ വിഷ്ണു എസ് നായരുടെ നേതൃത്വത്തില്‍ ഓരിമുക്കിലെ പ്രതിയുടെ വീട്ടില്‍ പരിശോധനക്കെത്തിയിരുന്നു. എന്നാല്‍ അനസ് പടന്നക്കടപ്പുറത്തെ ഭാര്യവീട്ടിലാണ് താമസമെന്ന് അറിഞ്ഞതോടെ സംഘം അങ്ങോട്ട് പോവുകയായിരുന്നു. ഭാര്യ വീട്ടില്‍ നിന്നും കാറില്‍ പുറപ്പെടാനൊരുങ്ങുമ്പോഴാണ് പൊലീസ് അവിടെയെത്തുന്നത്. തുടര്‍ന്ന് വീട്ടിലും കാറിലും പരിശോധന നടത്തിയിരുന്നു. ഒടുവില്‍ അനസിന്റെ പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 2.67 ഗ്രാം എംഡിഎംഎ സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാറും മൊബൈല്‍ഫോണും പൊലീസ് കസ്റ്റഡിയിലെടുത്ത് പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി. ജില്ലാ പൊലീസ് ചീഫിന്റെ ഡാന്‍സാഫ് ടീം അംഗങ്ങളും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ്, സുനില്‍കുമാര്‍, സിപിഒമാരായ രതീഷ്, ജിഷ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







