കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിജിലൻസിനോടാവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ ഇതു സംബന്ധിച്ചു വിജിലൻസിൽ പരാതി നൽകി.
ഭവനപദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടിയിരുന്ന 18 ലക്ഷം രൂപയോളം ഭരണനടപടികളും അനുമതികളും പാലിക്കാതെ ഒരു ഉദ്യോഗസ്ഥന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന ഗുരുതരമായ ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട മേക്കർ, ചെക്കർ, എഫ്. ടി.ഒ. തുടങ്ങിയ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവയെല്ലാം വിശദമായി പരിശോധിക്കണമെന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പാവപ്പെട്ടവർക്കുളള ഭവനനിർമാണ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും പൊതുഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലാത്ത കർശന സ്വീകരിക്കണമെന്നും നിവേദനം ആവശ്യപ്പെട്ടു.







