കാസര്‍കോട്ട് കോളിളക്കം സൃഷ്ടിച്ച പ്രദീപ് കുമാര്‍ കൊലക്കേസ്: മുങ്ങിയ ഗബ്ബാര്‍ അഷ്‌റഫ് 36 വര്‍ഷത്തിനു ശേഷം ഹൈദരാബാദില്‍ അറസ്റ്റില്‍; പ്രതിയെ കണ്ടെത്തി പിടികൂടിയത് സാഹസികമായി, കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവിന് പുതിയ പൊന്‍തൂവല്‍

കാസര്‍കോട്: കാസര്‍കോട്ട് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് പ്രതി 36 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. തളങ്കരയിലെ ഗബ്ബാര്‍ അഷ്റഫി(60)നെയാണ് ജില്ലാ പൊലീസ് മേധാവി പി.നിധിന്‍രാജിന്റെ കീഴിലുള്ള ‘സകോക്ക് ‘സ്‌ക്വാഡ് പിടികൂടിയത്. സ്‌ക്വാഡ് എസ്‌ഐ നാരായണന്‍ നായര്‍, ഗ്രേഡ് എസ്.ഐ.അബൂബക്കർ കല്ലായി,എഎസ്‌ഐ ഷാജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് മാണിയാട്ട് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ ഇന്ന് (ശനി) വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.
1990 ഒക്ടോബര്‍ 5ന് രാത്രിയിലാണ് പ്രദീപ് കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. പ്രദീപിനെ തന്ത്രപൂര്‍വ്വം ഓട്ടോയില്‍ കയറ്റി കൊണ്ടു പോയ പ്രതികള്‍ തളങ്കര റെയില്‍വെ പാലത്തിന് സമീപത്ത് വച്ച് തലക്കടിച്ചു വീഴ്ത്തിയ ശേഷം കഠാര കൊണ്ട് കുത്തിക്കൊന്നുവെന്നാണ് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന നാലു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.ഒളിവില്‍ പോയ ഗബ്ബാര്‍ അഷ്‌റഫിനെ പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ വിവിധ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.

പഴയ കേസുകളില്‍ പ്രതികളായി ഒളിവില്‍ പോയവരെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. പ്രതി ആന്ധ്രാപ്രദേശില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചന ലഭിച്ചതോടെ സ്‌ക്വാഡ് അവിടെയെത്തി. രഹസ്യാന്വേഷണം നടത്തിയ പൊലീസ് ഗബ്ബാര്‍ അഷ്‌റഫ് ചാര്‍മിനാറിനു സമീപത്തെ ഒരു ഗല്ലിയില്‍ കുടുംബസമേതം താമസിക്കുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇന്നലെ (വെള്ളി) ഉച്ചക്ക് 11.30 മണിയോടെ പ്രാദേശിക പൊലീസിന്റെ സഹായത്തോടെ വീടുവളഞ്ഞാണ് പ്രതിയെ കീഴടക്കിയത്. അറസ്റ്റു സംബന്ധിച്ച വിവരം പരിസരവാസികള്‍ അറിയുന്നതിന് മുമ്പ് പൊലീസ് സംഘം പ്രതിയുമായി കാസര്‍കോട്ടേക്ക് കുതിക്കുകയായിരുന്നു.
കോളിളക്കം സൃഷ്ടിച്ച കൊലക്കേസിലെ പ്രതിയെ 36 വര്‍ഷത്തിനു ശേഷം അതിസാഹസികമായി കണ്ടെത്തി അറസ്റ്റു ചെയ്തത് കാസര്‍കോട് ജില്ലാ പൊലീസിനു പൊന്‍തൂവലായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്ട് കോളിളക്കം സൃഷ്ടിച്ച പ്രദീപ് കുമാര്‍ കൊലക്കേസ്: മുങ്ങിയ ഗബ്ബാര്‍ അഷ്‌റഫ് 36 വര്‍ഷത്തിനു ശേഷം ഹൈദരാബാദില്‍ അറസ്റ്റില്‍; പ്രതിയെ കണ്ടെത്തി പിടികൂടിയത് സാഹസികമായി, കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവിന് പുതിയ പൊന്‍തൂവല്‍
Scroll to top

You cannot copy content of this page