ചെറുവത്തൂര്‍: ആയോധനകലാ പരിശീലന രംഗത്ത് അഭിമാനകരമായ നേട്ടവുമായി അനിലും 50 കുട്ടികളും. ഓഗസ്റ്റ് 9-ന് സംഘടിപ്പിച്ച ‘ലാര്‍ജസ്റ്റ് തയ്കോണ്ടോ ലെസ്സണ്‍’ എന്ന ടൈറ്റിലൂടെ നോണ്‍ സ്റ്റോപ്പ് ആയി 50 മിനുട്ട് പ്രകടനം കാഴ്ചവെച്ചാണ് അനിലും 50 കുട്ടികളും ചേര്‍ന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഹൈദരാബാദിലെ ജെ. ആര്‍. ഇന്റര്‍നാഷണല്‍ തയ്കൊണ്ടോ ആക്കാഡമിയിലെ ഗിന്നസ് റെക്കോര്‍ഡ് ജേതാവും ഗ്രാന്‍ഡ് മാസ്റ്റരുമായ ജയന്ത് റെഡ്ഡിയാണ് ഈ നേട്ടത്തിന് പ്രചോദനം നല്‍കിയത്.
കേരളത്തില്‍ വെച്ചായിരുന്നു ഈ ഗിന്നസ് ശ്രമം നടന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട വ്യത്യസ്ത പ്രായ പരിധിയില്‍ ഉള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ തയ്കൊണ്ടോ കായിക താരങ്ങളെ ആറു മാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ഈ ചരിത്രനേട്ടം കൈവരിക്കാനായത്. ഇതിനു മുമ്പും 2014 ത്തിലും അനിലും വിദ്യാര്‍ഥികളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡു സ്വന്തമാക്കിയിരുന്നു.
തായ്ക്വോണ്ടോയില്‍ എട്ടാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള അനില്‍ 1987 തായ്കൊണ്ടോയില്‍ പരിശീലനം ആരംഭിച്ചു. 2002 ല്‍ ബംഗളൂരുവിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും സ്‌പോര്‍ട്‌സ് തയ്കൊണ്ടോയില്‍ നാഷണല്‍ സര്‍ട്ടിഫൈഡ് കോച്ച് ബിരുദം നേടി.
11 വര്‍ഷം ദുബായില്‍ ബ്രിട്ടീഷ് ക്ലബ്ബില്‍ പരിശീലകനായി സേവനമനുഷ്ഠിച്ചു. ആയോധനകലയില്‍ നിരവധി നേട്ടങ്ങള്‍ക്കൊപ്പം ഹോണററി ഡോക്ടറേറ്റും, ഹാള്‍ ഓഫ് ഫെയിം (യുഎസ്എ) അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തയ്കൊണ്ടോ, വുഷു, ജൂഡോ, ബോക്‌സിങ്, റസലിങ് എന്നീ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ചെറുവത്തൂരിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ അക്കാദമി.







