കാസര്‍കോട്: കാസര്‍കോട്, തളങ്കരയില്‍ പ്രദീപ് കുമാര്‍ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആന്ധാപ്രദേശിലെ ഹൈദരാബാദില്‍ നിന്നു പിടിയിലായ ഗബ്ബാര്‍ അഷ്റഫ് (60)മറ്റൊരു കൊലക്കേസിലും പ്രതി. 1992ല്‍ വിനോദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസാണ് അഷ്റഫിന്റെ പേരിലുള്ള രണ്ടാമത്തെ കൊലക്കേസെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഹൈദരാബാദില്‍ നിന്നു കാസര്‍കോട്ടെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് സംഘത്തിനു ഇക്കാര്യം വ്യക്തമായത്. 1992ല്‍ കാസര്‍കോട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ തുടര്‍ച്ചയായാണ് വിനോദ് കൊല്ലപ്പെട്ടത്.
തളങ്കര, തെരുവത്തെ പ്രദീപ് കുമാര്‍ കൊലക്കേസില്‍ പ്രതിയായി 36 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഗബ്ബാര്‍ അഷ്റഫ്. ജില്ലാ പൊലീസ് മേധാവി പി.നിധിന് രാജിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണം സംഘം ഇന്നലെ (വെള്ളി) ഉച്ചയോടെയാണ് പ്രതിയെ ചാര്‍മിനാര്‍ ഗല്ലിക്കു സമീപത്തെ വീട്ടില്‍ വച്ച് അറസ്റ്റു ചെയ്തത്. നാട്ടുകാരുടെ എതിര്‍പ്പും സംഘര്‍ഷവും ഉണ്ടാകുമെന്ന കണക്കു കൂട്ടലുകളെ തുടര്‍ന്ന് തന്ത്രപരമായാണ് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ വീടു വളഞ്ഞു അറസ്റ്റു ചെയ്തത്. വിവരമറിഞ്ഞ് ആള്ക്കാര് എത്തി തുടങ്ങിയപ്പോഴേയ്ക്കും കാസര്‍കോട് പൊലീസ് ആന്ധ്രാപ്രദേശ് പിന്നിട്ടിരുന്നു.







