ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ് ഉൾപ്പെടെ പത്തിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിയവേ ഉപയോഗിച്ചത് 26 ഓളം മൊബൈൽ നമ്പറുകൾ; കാടങ്കോട് സ്വദേശി മുത്തലീബ് മൈസൂരുവിൽ പിടിയിൽ

കാസർകോട്: വിവിധ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ്, സ്ത്രീപീഡനം, അടിപിടി, വഞ്ചന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത ആൾ മൈസൂരിൽ പിടിയിൽ. ചെറുവത്തൂർ കാടങ്കോട് സ്വദേശി സി എച്ച് മുത്തലീബ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ നിർദേശത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡാണ് മൈസൂരിലെ ഹുൻസൂറിൽ വെച്ച് പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2019-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്, ആലുവ പോലീസ് സ്റ്റേഷനിലെ 2019-ലെ ബലാത്സംഗ കേസ്, മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലെ 2017-ലെ ബലാത്സംഗ കേസ്, കായംകുളം, പിണറായി, വിദ്യാനഗർ, തിരുവനന്തപുരം ആറ്റിങ്ങൽ, പാലക്കാട് നെന്മാറ തുടങ്ങിയ സ്റ്റേഷനുകളിലെ കേസുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കർണാടത്തിലെ വിവിധ സ്റ്റേഷനുകളിലും കേസുകൾ നിലവിലുള്ളതായി അറിവായിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ സ്ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വർണവും കൈക്കലാക്കിയശേഷം മുങ്ങുകയും ചെയ്യുന്നതാണ് പ്രതിയുടെ മറ്റൊരു തട്ടിപ്പ് രീതി. വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുകളും പ്രതിക്കെതിരെയുണ്ട്. വിവിധ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതി ബംഗളൂരു, മൈസൂരു, മംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിൽപ്പെടാതിരിക്കാൻ പ്രതി ഏകദേശം 26 ഓളം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിനായി ഉപയോഗിക്കുന്ന സിം കാർഡുകളും ഫോണുകളും പരമാവധി രണ്ടുമാസം മാത്രം ഉപയോഗിച്ചശേഷം മാറ്റി പുതിയവ ഉപയോഗിക്കുന്നതായിരുന്നു രീതി. സാധാരണ ഫോൺ കോളുകൾ ഒഴിവാക്കി വാട്സ്ആപ്പ് കോളുകൾ മാത്രം ഉപയോഗിക്കുകയും പൊതുസ്ഥലങ്ങളിലെ പബ്ലിക് വൈഫൈ മുഖേന ഇന്റർനെറ്റ് ഉപയോഗിക്കുകയും ചെയ്താണ് പലയിടത്തും കഴിഞ്ഞത്.
പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച പ്രത്യേക അന്വേഷണസംഘം, തന്ത്രപരമായ അന്വേഷണത്തിലൂടെ പ്രതിയുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. പിടികൂടാൻ എത്തിയ പൊലീസിനെ തിരിച്ചറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണസംഘം കീഴടക്കുകയായിരുന്നു. എസ്.ഐ. സൈഫുദ്ദീൻ നീലേശ്വരം,
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത് അരവഞ്ചാൽ, അജയൻ വി.വി. എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച്ച മൈസൂരിലെ ഹുൻസൂറിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ് ഉൾപ്പെടെ പത്തിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിയവേ ഉപയോഗിച്ചത് 26 ഓളം മൊബൈൽ നമ്പറുകൾ; കാടങ്കോട് സ്വദേശി മുത്തലീബ് മൈസൂരുവിൽ പിടിയിൽ
Scroll to top

You cannot copy content of this page