തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തും. ഓട്ടോ-ടാക്‌സി സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ഓട്ടോ ടാക്‌സി മിനിമം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളി യൂണിയന്റെ പ്രധാന ആവശ്യം. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 16 തവണയാണ് ഇന്ധനവില വര്‍ധിച്ചത്.
ഇന്ധനവിലയിലും ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ഉള്‍പ്പെടെ തുടര്‍ച്ചയായി വര്‍ധനയുണ്ടായിട്ടും യാത്രാനിരക്കില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയവും മറ്റ് ചെലവുകളും ഉയര്‍ന്നിട്ടുണ്ട്. നിലവിലെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാനുള്ളത് എന്നാണ് യൂണിയന്‍ പറയുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓട്ടോ ടാക്‌സികളുടെ മിനിമം നിരക്ക് 50 രൂപയാണെന്നും കേരളത്തിലും സമാനമായ നിരക്ക് വര്‍ധന നടപ്പാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
എന്നാല്‍ പണിമുടക്കില്‍ ഐ.എന്‍.ടി.യു.സി, എസ്.ടി.യു. തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, വിഷയത്തില്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്ന് ഉച്ചക്ക് ആണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തുന്നത്.








