നീലേശ്വരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷന്റെ 39-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാസർകോട് ജില്ലാ സമ്മേളനത്തിന് നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ തുടക്കമായി. ജില്ല പ്രസിഡൻറ് പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് വി.വി. രാഗേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. അജേഷ് കുമാർ സംഘടനാ റിപ്പോർട്ടും ബോർഡ് അംഗം ടി. തമ്പാൻ ക്ഷേമനിധി വിശദീകരണവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. രജീഷ് ജില്ലാ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എ.എം. അബ്ദുള്ള വരവ് ചെലവ് കണക്കും സംസ്ഥാന ട്രഷറർ വി.വി. രതീഷ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
ബി. സുമേഷ് കുമാർ, ടി. അനിൽകുമാർ, മധുസൂദനൻ നായർ, ടി.കെ. പുരുഷോത്തമൻ, ടി.വി. മണി, ടി.വി. കുമാരൻ, കൃഷ്ണൻ കൊട്ടോടി എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി. വിദ്യാധരൻ സ്വാഗതവും വി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 10ന് കോട്ടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായുള്ള പ്രകടനം രാവിലെ ഒമ്പതിന് നീലേശ്വരം തളിയിൽ ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കും.







