ചൂരല്‍മലയിലെ ശ്രുതിയ്ക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹം; വരൻ സന്ദീപ്, കാർമ്മികത്വം വഹിച്ച് മുൻ മന്ത്രി കെ രാജൻ

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെ നഷ്ടമായ ശ്രുതി സുരേഷ് വിവാഹിതയായി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് വിവാഹം നടന്നത്. കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് മുന്‍ റവന്യൂ മന്ത്രി കെ രാജന്‍ ആയിരുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ അനുഭവമാണ് ശ്രുതിയുടെ വിവാഹമെന്ന് കെ രാജന്‍ പറഞ്ഞു. എല്ലാഘടത്തിലും അവര്‍ക്കൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘എല്ലാം അറിഞ്ഞ് എന്റെ കൈപിടിച്ചയാളാണ്. മുന്നോട്ട് ഇനി നല്ല ജീവിതവും സന്തോഷവും ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. വളരെ സന്തോഷമുണ്ട് ഈ നിമിഷത്തില്‍’ -വിവാഹശേഷം ശ്രുതി പറഞ്ഞു. ഒന്നിനുപിറകേ ഒന്നായി ദുരന്തം പിന്തുടർന്ന ജീവിതമായിരുന്നു ശ്രുതിയുടേത്. വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ ശ്രുതിക്ക് നഷ്ടമായിരുന്നു. പിന്നീട് വിവാഹം നിശ്ചയിച്ചിരുന്ന ജെന്‍സന്‍ വാഹനാപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സങ്കടങ്ങളെയെല്ലാം അതിജീവിച്ചാണ് ശ്രുതി ഇപ്പോള്‍ പുതുജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page