ട്രെയിന്‍ തട്ടിയാല്‍ നഷ്ടപരിഹാരമില്ല; റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ട്രിബ്യൂണല്‍

കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനാവില്ലെന്ന് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍. റെയില്‍വേ ട്രാക്ക് അനധികൃതമായി മുറിച്ചുകടക്കുന്നത് റെയില്‍വേ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു. ചങ്ങനാശേരി സ്വദേശി തോമസ് ജോണ്‍ സമര്‍പ്പിച്ച നഷ്ടപരിഹാര ഹര്‍ജി ട്രിബ്യൂണല്‍ തള്ളി.
മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കൊല്ലം -എറണാകുളം മെമു ട്രെയിനില്‍ കയറുന്നതിനായി തോമസ് ജോണ്‍ സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്ന് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ ശബരി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍, മെമു ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തിരക്കുമൂലം പുറത്തേക്ക് വീണാണ് പരിക്കേറ്റതെന്നായിരുന്നു തോമസ് ജോണിന്റെ വാദം. എന്നാല്‍ തോമസിന്റെ വാദം തെറ്റാണെന്ന് തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടി റെയില്‍വേ ഹര്‍ജി എതിര്‍ത്തു. ഫുട് ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ റെയില്‍വേ ട്രാക്കിലൂടെ സഞ്ചരിക്കുന്നത് അപകടം സ്വയം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂവെന്നും വ്യക്തമാക്കിയാണ് തോമസ് ജോണിന്റെ അപേക്ഷ തള്ളിയത്.
അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സ തേടേണ്ടിവന്നെന്നും പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നും തോമസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page