കൊച്ചി: പൊന്നുരുന്നിയില്‍ ഡോക്ടറെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണപ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള പ്രണയ ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി നടി അതുല്യയും മറ്റൊരു പ്രതിയായ നടന്‍ ബിപിന്‍ പെരുമ്പള്ളിയും ആറ് കോടി ആവശ്യപ്പെട്ടുവെന്നും ഇതിന് ഡോക്ടര്‍ വഴങ്ങാതായതോടെയാണ് ഡോക്ടറെ മര്‍ദിച്ചതെന്നുമാണ് വിവരം. സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മർദ്ദനമെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ 41കാരനാണ് ഇവരുടെ ക്രൂരമര്‍ദനത്തിന് ഇരയായത്. അടുത്ത ബന്ധുവിന്റെ ഫോണില്‍നിന്ന് ഇരുവരും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങളുടെ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഭീഷണിപ്പെടുത്തി പണം തട്ടാൻ വിപിനും അതുല്യയും പദ്ധതി ഒരുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച അടുത്ത ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്‌ലാറ്റില്‍ എത്തിയപ്പോഴാണ് താന്‍ ട്രാപ്പില്‍ അകപ്പെട്ടെന്ന് ഡോക്ടര്‍ മനസിലാക്കിയത്. അവിടെ പന്ത്രണ്ട് പേര്‍ ഉണ്ടായിരുന്നു. ആറ് കോടി രൂപനല്‍കിയില്ലെങ്കില്‍ ചാറ്റും സ്വകാര്യ ദൃശ്യങ്ങളും പുറത്തുവിടുമെന്ന് അതുല്യ ഭീഷണിപ്പെടുത്തി. ഇത്രയും തുക നല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ ബിപിനും കൂട്ടരും മര്‍ദനം തുടങ്ങി. മൂന്ന് ലക്ഷം രൂപവിലവരുന്ന രണ്ട് ഫോണും സ്മാര്‍ട്ടും വാച്ചും ഇവര്‍ തട്ടിയെടുത്തു. അവിടെ നിന്ന് രക്ഷപ്പെട്ട് രണ്ടുദിവസം കഴിഞ്ഞാണ് ഡോക്ടര്‍ പരാതിയുമായി പൊലീസിനെ സമിപിക്കുന്നത്. തുടർന്നാണ് അതുല്യയടക്കം മൂന്നുപേരെ പിടികൂടിയത്. കേസില്‍ അതുല്യയുടെ ബന്ധുവിന്റെ മൊഴി പൊലീസ് ശേഖരിക്കും. നടന്നത് ഹണിട്രാപ്പാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബിപിന്‍ പെരുമ്പള്ളിയുടെ സഹായി വിഷ്ണുവിനെ പൊലീസ് പിടികൂടി. ഇയാള്‍ അടിപിടി ഉള്‍പ്പടെ എട്ടുകേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. കേസില്‍ ആകെ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഡോക്ടറുടെ ഫോണും സ്മാര്‍ട്ട് വാച്ചും എടുത്ത ജിം ട്രെയിനര്‍ ഉള്‍പ്പടെ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറെ വിളിച്ചു വരുത്തിയ ഫ്‌ലാറ്റ് സിനിമ നിര്‍മാണ കമ്പനി അവരുടെ ജീവനക്കാര്‍ക്ക് വേണ്ടി എടുത്ത നല്‍കിയതാണ്. ഇത് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ ഗൂഢാലോചന നടന്നത്.








