തൃശൂര്‍: വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാര്‍ (49) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്.
30 വര്‍ഷത്തെ ഒളിവുജീവിതത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്. 1995 ലെ മാര്‍ത്ത വധക്കേസിലെ പ്രതിയും പൊലീസ് രേഖകളിലെ രണ്ടാം സുകുമാരക്കുറുപ്പുമാണ് ഇയാള്‍. ഒറ്റയ്ക്ക് താമസിച്ചിരുന്ന തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശിനി മാര്‍ത്തയെ(65) കൊലപ്പെടുത്തി സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണകുമാറും സുഹൃത്ത് ചാലക്കുടി സ്വദേശി പ്രസാദുമായിരുന്നു പ്രതികള്‍. 18 വയസ്സുള്ള ഇരുവരെയും പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാര്‍ മുങ്ങി. പിന്നീട് ഉത്തര്‍പ്രദേശിലെ മീററ്റില്‍ 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. പിന്നീട് കൊല്ലം കുണ്ടറയിലെത്തി വിവാഹം കഴിച്ചു. വ്യാജ വിലാസത്തിലാണ് കുണ്ടറയില്‍ ഇത്രയും നാള് താമസിച്ചത്. കൊല്ലത്തെത്തിയെന്നു ഈയിടെ പൊലീസിനു വിവരം ലഭിച്ചിരുന്നു. വ്യാജവിലാസത്തില്‍ കുണ്ടറയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാറിനെ ബുധനാഴ്ച കയ്യോടെ പൊക്കി.








