കാസർകോട്: ചെങ്കല്ലിന് വിലകൂട്ടാൻ ക്വാറി ഉടമകൾ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നുവെന്ന് ആക്ഷേപം . അതേസമയം കൂടുതൽ ചെങ്കല്ലിന് ഓർഡർ ലഭിക്കാൻ ചെങ്കല്ലിന്റെ അളവിലും, തൂക്കത്തിലും കുറവ് വരുത്തുന്നതായും പരാതിയുണ്ട്.
ഇപ്പോൾ ഓർഡർ പ്രകാരം ക്വാറിയുടെ പരിസരപ്രദേശങ്ങളിൽ മാത്രം കല്ലൊന്നിന് 25 രൂപ മുതൽ 40 രൂപ വരെ ഈടാക്കുമ്പോൾ ദൂരെ ദിക്കുകളിലേക്ക് 40 മുതൽ 80 രൂപ വരെ ഈടാക്കുന്നു വെന്നാണ് ആക്ഷേപം.ഇത് കർണാടകയിലേക്ക് കടക്കുമ്പോൾ 100 രൂപയാകും. മംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ചെങ്കല്ലിന് വലിയ ക്ഷാമമാണ്.ഇത് മുതലെടുത്താണ് രാത്രിയുടെ മറവിൽ ജില്ലയിൽനിന്ന് ചെങ്കല്ല് കടത്തുന്നത്.ഒരെണ്ണത്തിന് നൂറു രൂപ വെച്ച് കിട്ടുമ്പോൾ അതല്ലേ ലാഭമെന്ന് ക്വാറി ഉടമകൾ കരുതുന്നു. ഇത് ജില്ലയിൽ ചെങ്കല്ലിന് ക്ഷാമം ഉണ്ടാക്കുന്നുവെന്നാണ് പരാതി.
സർക്കാറിന്റെ അനുബന്ധ വകുപ്പുകളുടെ അനുമതി ഇല്ലാതെയാണ് ജില്ലയിൽനിന്ന് കർണാടകയിലേക്ക് ചെങ്കല്ല് കടത്തുന്നത്. ഇതിന് അധികൃതരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്. ജില്ലയിൽ പ്രവർത്തിക്കുന്ന നിരവധി ക്വാറികൾ നിലവിൽ ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും പറയുന്നു.കൂടുതൽ പരാതി ഉയർന്നതോടെ കഴിഞ്ഞമാസം ചെങ്കല്ല് ക്വാറികളിൽ വിജിലൻസ് വ്യാപകമായി റെയിഡ് നടത്തിയിരുന്നു. എന്നാൽ നടപടികളൊന്നും സ്വീകരിച്ചതായി പറയുന്നില്ല.
മംഗളൂരുവിൽ ക്വാറി ദുരന്തത്തിൽ ഈ അടുത്തിടെ ഏഴ് തൊഴിലാളികൾ മരിച്ചിരുന്നു.യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കവെയായിരുന്നു മംഗളൂരു ദുരന്തം.







