അര്‍ദ്ധരാത്രി വീട്ടിലെത്തി വാതിലില്‍ മുട്ടും, നഗ്‌നനായി സാമൂഹികവിരുദ്ധന്റെ സഞ്ചാരം; ജനങ്ങള്‍ ഭീതിയില്‍, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

പയ്യന്നൂര്‍: കണ്ണപുരം പ്രദേശത്ത് അര്‍ദ്ധരാത്രികളില്‍ നഗ്‌നനായെത്തുന്ന സാമൂഹികവിരുദ്ധന്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. കണ്ണപുരം യോഗശാലയ്ക്കും കള്ളുഷാപ്പിനും ഇടയിലുള്ള ജനവാസ മേഖലകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളുടെ അതിക്രമം തുടരുന്നത്.
അര്‍ദ്ധരാത്രിയോടെ വീട്ടുപരിസരങ്ങളില്‍ അതിക്രമിച്ച് കയറുന്ന ഇയാള്‍ ജനലുകളില്‍ ശക്തിയായി കൊട്ടി ശബ്ദമുണ്ടാക്കി വീട്ടുകാരെ ഭയപ്പെടുത്തും. വസ്ത്രങ്ങളൊന്നുമില്ലാതെ പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ വീടുകളിലേക്ക് എത്തുന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും, പ്രദേശത്തെ ഇടവഴികളെക്കുറിച്ച് കൃത്യമായ അറിവുള്ളതിനാല്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മെലിഞ്ഞ് ഉയരമുള്ള ശരീരപ്രകൃതിയാണ് ഇയാള്‍ക്കുള്ളത്. മുഖവും തലയും തുണികൊണ്ട് പൂര്‍ണ്ണമായി മൂടിക്കെട്ടിയാണ് രാത്രികാല സഞ്ചാരം. ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളയാളുടെ ശരീരപ്രകൃതിയോ നടപ്പുരീതിയോ കണ്ട് ആര്‍ക്കെങ്കിലും ഇയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ കണ്ണപുരം സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പൊലീസും അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂര്‍ ഭാഗങ്ങളിലും സമാനമായ സംഭവം നടന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page