തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുരശ്’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ 4ാം തീയതി വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച വരെ ജാഗ്രത പാലിക്കണം. അതേസമയം, അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മുരശ് ചുഴലിക്കാറ്റ് ഇന്ന് തീവ്ര ചുഴലിക്കാറ്റാകും. നാളെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് രാത്രി 11 മണി മുതൽ നാളെ പുലർച്ചെ നാലുമണിവരെയുള്ള സമയത്ത് 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് കരതൊടുക. ചിലയിടങ്ങളിൽ ഇത് 120 കിലോ മീറ്റർ വരെയാകാനും സാധ്യതയുണ്ട്.








