കോഴിക്കോട്: കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം നടത്തിയ വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പിൽ പ്രതീക്ഷിച്ചതിലും പത്തിരട്ടി ജനങ്ങൾ. അതിൽ 80 ശതമാനവും പുരുഷന്മാർ.
സ്ത്രീകളിലേറെയും രണ്ടാംവിവാഹക്കാർ. 1000 പേരെയാണ് പ്രതീക്ഷിച്ചത്. എന്നാൽ എത്തിയത് എട്ടായിരത്തിലധികം പേർ. കരുതിവച്ച 1500 ഫോം എല്ലാം തീർന്നു പോയി. പലരും ഫോമിന്റെ ഫോട്ടോ കോപ്പിയുമായി എത്തി. നാട്ടിൽ ഇത്രയും പേർ വിവാഹത്തിന് കാത്തിരിക്കുന്നത് കണ്ട് ഭാരവാഹികൾ അമ്പരന്നു പോയി. മുപ്പതിനു മുകളിൽ പ്രായമുള്ള യുവാക്കളാണ് വധുവിനായി കാത്തിരിക്കുന്നവരിൽ ഏറെയും. അതേസമയം 30 വയസ്സിൽ താഴെയുള്ള യുവതികളുടെ എണ്ണം കുറവായിരുന്നു. പുരുഷന്മാരിൽ 60 വയസ്സ് വരെ വിവാഹം കഴിയാതെ ഇരിക്കുന്നവരും ഉണ്ട്. സ്ത്രീ അപേക്ഷകരിൽ കൂടുതൽപ്പേരും രണ്ടാം വിവാഹം നോക്കുന്നവരുമായിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. മക്കൾക്ക് വേണ്ടി രക്ഷിതാക്കളും ക്യാമ്പിലെത്തി. കല്യാണം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയവരുടെ ക്യൂ ക്ഷേത്രവളപ്പും, റോഡും കടന്ന് രണ്ടു ബസ് സ്റ്റോപ്പുകള്‍ അപ്പുറത്തെത്തി. പിന്നെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസെത്തേണ്ടിവന്നു
യുവാക്കള്‍ക്കായി വിവാഹ റജിസ്ട്രേഷന്‍ ക്യാംപ് നടത്തുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്. രണ്ടാഴ്ച മുന്‍പാണ് നോട്ടീസ് പുറത്തുവിട്ടത്. വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും നോട്ടീസ് ഒട്ടേറെത്തവണ പങ്കുവയ്ക്കപ്പെട്ടു. അടുത്ത ജില്ലകളില്‍ നിന്നുപോലും ആളുകള്‍ ഞായറാഴ്ച പുലര്‍ച്ചെ തന്നെ ക്ഷേത്രത്തിലെത്തി വരിയില്‍ നില്‍പ്പായിരുന്നു.
ക്യാംപ് തുടങ്ങാനിരുന്നത് ഒന്‍പതുമണിക്കായിരുന്നുവെങ്കിലും ഏഴുമണിയോട് കൂടി തന്നെ ഫോം വിതരണം ആരംഭിക്കേണ്ടി വന്നു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഒന്പതുമണിയോടെ ഉദ്ഘാടനത്തിനെത്തുമ്പോഴേക്കും ക്ഷേത്രപരിസരം ആള്‍ക്കൂട്ടത്താല്‍ നിറഞ്ഞു. ഒരുമണിക്ക് അവസാനിക്കാനിരുന്ന ക്യാംപ് രാത്രിയോടെയാണ് അവസാനിച്ചത്. രജിസ്റ്റർചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി അപേക്ഷകർക്ക് കൈമാറാനാണ് ക്ഷേത്രഭാരവാഹികൾ ലക്ഷ്യമിട്ടിട്ടുള്ളത്.








