ബദിയഡുക്ക: തലമുറകളായി നിലനില്‍ക്കുന്ന നാരമ്പാടിയിലെ ഒരേക്കര്‍ വരുന്ന വിസ്തൃതമായ പള്ളം മണ്ണിട്ടു നികത്തുന്നു. പള്ളം നികത്തിയാല്‍ സമീപ പ്രദേശങ്ങളിലാകെ കുടിവെള്ള ക്ഷാമം രൂക്ഷമാവുമെന്നു നാട്ടുകാര്‍ ഉത്കണ്ഠപ്പെട്ടു.
2013ലാണ് വിസ്തൃതമായ പള്ളം നികത്താന്‍ ആദ്യനീക്കമുണ്ടായതെന്നു നാട്ടുകാര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നു അന്നു റവന്യു മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനു നാട്ടുകാര്‍ ഭീമ ഹര്‍ജി സമര്‍പ്പിച്ചു. പള്ളത്തിനു പട്ടയം കിട്ടിയെന്നായിരുന്നു കൈയേറ്റക്കാരുടെ നിലപാടെന്നു പറയുന്നു. നിവേദനത്തെ തുടര്‍ന്നു പള്ളം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയെന്നും അതിനു ശേഷം പലര്‍ക്കായി പള്ളം പതിച്ചു കൊടുത്തുവെന്നുമൊക്കെ നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ വില്ലേജില്‍ ഇരിക്കുന്നവരുള്‍പ്പെടെ ഇതു സംബന്ധിച്ച കൃത്യമായ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവത്രെ. 2013ലെ മണ്ണിട്ടു നികത്തലിനെത്തുടര്‍ന്നു വര്‍ഷം മുഴുവന്‍ വെള്ളം കെട്ടി നിന്ന സ്ഥലത്തു മഴക്കാലത്തു വെള്ളം നിറയുകയും മാര്‍ച്ച് മാസത്തിനു ശേഷം വെള്ളം വറ്റുകയും ചെയ്യുന്ന തരത്തില്‍ പള്ളം മാറുകയും ചെയ്തു. വെള്ളം വറ്റുമ്പോള്‍ നാട്ടുകാരായ യുവാക്കള്‍ പള്ളം ക്രിക്കറ്റ് കളിക്കാനും ക്രിക്കറ്റ് മത്സരം നടത്താനും ഉപയോഗിച്ചു വരുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.

ഇതിനിടയിലാണ് ഇന്നലെ രാത്രി 50 വോളം ലോഡ് മണ്ണ് പള്ളത്തിന്റെ ഒരു ഭാഗത്ത് വീണ്ടും ഇറക്കിയതെന്നു സ്ഥലവാസികള്‍ അറിയിച്ചു. വിവരം വില്ലേജ് ഓഫീസറെയും തഹസില്‍ ദാരെയും അറിയിച്ചു. ജില്ലാ കളക്ടര്‍ക്കും റവന്യൂമന്ത്രിക്കും ഇതു സംബന്ധിച്ചു നിവേദനം നല്‍കുമെന്നു സ്ഥലവാസികള്‍ തുടര്‍ന്നു പറഞ്ഞു.
നാട്ടുകാര്‍ കുടിക്കാനും കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനും ഈ പള്ളത്തിലെ വെള്ളത്തെയാണ് ആശ്രയിച്ചിരുന്നതെന്നു പറയുന്നു. മാത്രമല്ല, കയറൂരിവിട്ടു വളര്‍ത്തുന്ന മൃഗങ്ങള്‍ക്കു വെള്ളം കുടിക്കാനും കുളിക്കാനും ഈ പള്ളം സഹായകമായിരുന്നു. ഇതിനൊക്കെ പുറമെ പാറ പ്രദേശമായ സമീപ പ്രദേശങ്ങളിലെല്ലാം വേനല്‍ക്കാലത്തും കിണറുകള്‍ ജലസമൃദ്ധമായിരുന്നെന്നും അതു ഈ പള്ളത്തില്‍ ജലം കെട്ടിക്കിടന്നതു മൂലമാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രകൃതിദത്തവും നാട്ടുകാര്‍ക്കു പ്രയോജനപ്രദവുമായിരുന്ന പള്ളം സംരക്ഷിക്കണമെന്നും പള്ളം നികത്താനും കൈയേറാനുമുള്ള ശ്രമങ്ങള്‍ തടയണമെന്നും നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെടുന്നു.







