നീലേശ്വരം: ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ദേശീയപാത വഴി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭയുടെ തീരുമാനം. പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് നഗരസഭ ഓഫീസിൽ ചേർന്ന ട്രാഫിക് റെഗുലേറ്റിങ് കമ്മിറ്റി യോഗം തീരുമാനിച്ചത്. ബസുകൾ നിർബന്ധമായും നഗരസഭ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന ശക്തമാക്കും. ഇതിനായി ജില്ലാ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്താൻ യോഗം തീരുമാനിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ ബസ്സുകൾ പ്രവേശിക്കുന്നതും പുറത്തേക്ക് പോകേണ്ടതുമായ വഴികൾ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി റിപ്പോർട്ടും ശുപാർശകളും നഗരസഭയ്ക്ക് സമർപ്പിക്കാൻ യോഗത്തിൽ ആർ ടി ഒ യെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനും തീരുമാനമായി. ബസ്സുകൾ തെറ്റായ ദിശയിൽ ബസ് സ്റ്റാൻഡിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിഷയത്തിലും ആർടിഒ, പൊലീസ് എന്നിവരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു..നീലേശ്വരം ഓവർ ബ്രിഡ്ജ് മുതൽ കെ സി കെ രാജാ ക്ലിനിക് വരെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി എടുക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ബസ് സ്റ്റാൻഡിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി എം സന്ധ്യ, കൗൺസിലർ പി വി സതീശൻ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനു കൃഷ്ണൻ പി, സബ് ഇൻസ്പെക്ടർ ഓമനക്കുട്ടൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് പി വി, നീലേശ്വരം വില്ലേജ് ഓഫീസർ അജിത് കുമാർ എച്ച് ജെ, പേരോൽ വില്ലേജ് ഓഫീസർ ശശി സി വി, പൊതുമരാമത്ത് റോഡ് ഓവർസിയർമാരായ സുകന്യ പി വി, ശാന്തി ബാബു എന്നിവർ പങ്കെടുത്തു.







